നിയമസഭാ രേഖയെ രഹസ്യ രേഖയാക്കി പത്രസമ്മേളനം
സ്റ്റാർട്ടപ്പുകളുടെ വളർച്ചാ നിരക്കിൽ ഞെട്ടൽ മാറിയില്ല, ''രഹസ്യരേഖ''യുമായി വി ഡി സതീശൻ


സ്വന്തം ലേഖകൻ
Published on Mar 05, 2025, 04:50 PM | 3 min read
തിരുവനന്തപുരം: മുഖ്യമന്ത്രി മാർച്ച് മൂന്നിന് തിങ്കളാഴ്ച്ച നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി സംസ്ഥാന സർക്കാരിനെതിരായ സ്വന്തം കണ്ടെത്തലായി അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്റ്റാർട്ടപ് ജെനോം എന്ന അഗോള കമ്പനി കേരളത്തിന്റെ വളർച്ച രേഖപ്പെടുത്തിയത് മുതൽ അതിനെ നിഷേധിക്കാൻ പാടുപടുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ പ്രചാരണ ടീം വീണ്ടും കുഴിയിൽ ചാടിച്ചത്.
വെറും 48000 ഡോളർ അഥവാ 40 ലക്ഷം ഇന്ത്യൻ രൂപ വാങ്ങി ലോകത്തിലെ പ്രമുഖ കമ്പനിയായ സ്റ്റാർട്ടപ് ജെനോം അവരുടെ സ്വന്തം ഇടപാട് സ്ഥാപനങ്ങളെയും രാജ്യങ്ങളെയും എല്ലാം മറികടന്ന് കേരളം നമ്പർ വൺ എന്ന് റിപ്പോർട്ട് കൊടുത്തു എന്നാണ് ആരോപണം. സ്വന്തം കണ്ടെത്തലായി പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഇക്കാര്യം വിവരിക്കയും ചെയ്തു. ഊതിപ്പെരുപ്പിച്ചുണ്ടാക്കിയതാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ എന്നാണ് പരിഹാസം.
മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ കൃത്യമായി തന്നെ മെമ്പർഷിപ് തുക എത്ര കൊടുത്തു എന്ന് വ്യക്തമാക്കുന്നുണ്ട്. സ്റ്റാർട്ടപ് ജെനോം പബ്ലിക് ഡൊമൈനിൽ തന്നെ അവരുടെ വെബ്സൈറ്റിൽ ക്ലയന്റ് ലിസ്റ്റിൽ ഇതേ തുക കാണിക്കുന്നുമുണ്ട്. ആർക്കും കയറി നോക്കാവുന്ന ലിസ്റ്റാണ്. ഇവ രഹസ്യ രേഖയാണെന്നും ഇനി ആവശ്യപ്പെട്ടാൽ പുറത്തു വിടാം എന്നും കൂടി പത്ര സമ്മേളനത്തിൽ വി ഡി സതീശൻ അവകാശപ്പെട്ടിട്ടുണ്ട്.

ലോകത്തെ പ്രധാന innovation Financial institutions ന്റെ കൂടെയാണ് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ പേരും ലോഗോയും നൽകിയിട്ടുള്ളത്. 2020 മുതൽ അംഗത്വ ഫീസ് (Membership Fees) ആയി നൽകിയ തുകയാണ് സതീശൻ അഴിമതിയായി അവതരിപ്പിക്കുന്നത്. ഇത് അവരുടെ സ്റ്റാർട്ടപ് വളർച്ചാ ശൃംഖലാ പരിപാടികളിൽ ഉൾപ്പെടുന്നതിന് സർക്കാരുകളും വൻകിട കമ്പനികളും എല്ലാം നൽകി വരുന്ന ഫീസാണ്.
സ്റ്റാർട്ടപ് ജെനോം ലോകത്തെ ഒന്നാം സ്ഥാനത്തുള്ള innovation ecosystem development organization ആണ്. മാത്രമല്ല 55 ൽ അധികം രാജ്യങ്ങളിലെ 160-ലധികം സാമ്പത്തിക, ഇന്നോവേഷൻ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനമാണ്. ഇവരുടെ പ്രധാന ലക്ഷ്യം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യയിൽ നിന്ന് തെലുങ്കാനയും കർണാടകവും അവരുടെ സ്റ്റാർട്ടപ്പ് പ്രോത്സാഹന സഹായ പദ്ധതിയുടെ ഭാഗമാണ്.
ഇങ്ങനെയുള്ള സ്ഥാപനം ഒരു സംസ്ഥാന സർക്കാരിനോട് 40 ലക്ഷം രൂപ വാങ്ങി വ്യാജ റിപ്പോർട്ട് നൽകി എന്നാണ് ആരോപണം. അതും മുഖ്യമന്ത്രി നിയമസഭയിൽ തന്നെ വെച്ചിട്ടുള്ള കണക്ക് ഉദ്ധരിച്ചിട്ട്. 2020 മുതലുള്ള വർഷങ്ങളിലായി അംഗത്വ ഇനത്തിൽ നൽകിയ മൊത്തം തുകയാണിത്. ഇന്നവേഷൻ ഡവലപ്മെന്റ് ഓർഗനൈസേഷൻ എന്ന സ്റ്റാർട്ടപ് രംഗത്തെ ആഗോള പ്രവർത്തന ഘടന പോലും തിരിച്ചറിയാതെ ആരോ നൽകിയ കുറിപ്പ് വെച്ച് പത്രസമ്മേളനത്തിൽ വീശി.

കേരളാ സ്റ്റാര്‍ട്ടപ്പ്മിഷന്‍ 2020 മുതല്‍ സ്റ്റാര്‍ട്ടപ്പ്ജിനോം എന്ന സ്ഥാപനവുമായി സേവന കരാര്‍ ഒപ്പു വെച്ചിട്ടുണ്ട് ഇത് പ്രകാരം അവർ ലോകത്തിലെ ഇത്തരം സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ-
1. ജിഎസ്ഇആറിൽ (ഗ്ലോബൽ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട്) നിശ്ചിത കാലയളവിലേക്കുള്ള അംഗത്വം.
2. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് അഗോള മാധ്യമ ശ്രദ്ധ നേടിക്കൊടുക്കുക.
3. സ്റ്റാര്‍ട്ടപ്പ് ജീനോം വെബ് സൈറ്റില്‍ ലിസ്റ്റ് ചെയ്യുക.
4. ആഗോള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം പങ്കാളികളുമായി ബന്ധം മെച്ചപ്പെടുത്താനും അവസരം നേടാനും സഹായക സാഹചര്യം.
5. സര്‍ക്കാര്‍ നയങ്ങളും ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടത്തുക. അംഗങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം സ്റ്റേക്ക്ഹോള്‍ഡേഴ്സിനും പരസ്പരം പരിചയപ്പെടുത്താനുള്ള അവസരം ഒരുക്കുക. അവരുടെ ഇടപാട് ശൃഖലയിൽ ലോകത്തിലെ തന്നെ വൻകിട സ്ഥാപനങ്ങളും സംരംഭക കൂട്ടങ്ങളുമാണ്.

ഇതിനെ ഒരു വ്യാജ റിപ്പോർട്ട് നൽകുന്ന ഏജൻസി ഏർപ്പാടായാണ് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചത്. ശശി തരൂർ എം പി തന്നെ കേരളത്തിന്റെ വളർച്ചയെ പ്രശംസിച്ചതിന്റെ ക്ഷീണം തീർക്കാൻ അവസരമായി കരുതി ഇത് പത്രസമ്മേളനത്തിൽ പ്രയോഗിച്ചു. സ്റ്റാർട്ടപ് ജെനോം പോലുള്ള സ്ഥാപനങ്ങൾ വിവരസാങ്കേതിക വിദ്യാ സംരംഭകത്വ രംഗങ്ങളിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നതും അവയുടെ രീതികളും ഒന്നും മനസിലാക്കാൻ സമയം ലഭിച്ചില്ല.
മാത്രമല്ല ആരോപിക്കാൻ പോകുന്നത് നിയമസഭയിൽ തന്നെ രേഖാമൂലം പരസ്യപ്പെടുത്തിയ കാര്യമാണെന്ന് തിരിച്ചറിയാതെ കയ്യിൽ കൊടുത്തു വിട്ട രേഖയുമായി പത്രസമ്മേളനത്തിന് ചാടിപുറപ്പെട്ടു. സർക്കാർ ആരോപണം നിഷേധിച്ചാൽ പരസ്യപ്പെടുത്താം എന്ന് വി ഡി സതീശൻ പറഞ്ഞതും ഈ രേഖയാണ്. സ്റ്റാർട്ട്അപ് ജെനോം സൈറ്റിലും ആർക്കും കാണാവുന്ന വിവരങ്ങളാണ്.

കേരളത്തെ പുകഴ്ത്തിയത് എന്തിന്
സ്വതന്ത്രമായും ആധികാരികമായും നടത്തുന്ന പ്രൈമറി, സെക്കൻഡറി വിവര ശേഖരണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സ്റ്റാർട്ടപ് ജീനോം റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ബാഹ്യ ഇടപെടലുകളും മുൻവിധികളും ഇല്ലാതെ തയ്യാറാക്കുന്നതിനാലാണ് ഈ റിപ്പോർട്ടിന് ആഗോള തലത്തിൽ വിശ്വാസ്യതയും അംഗീകാരവുമുള്ളത്.
2019-–-21 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021–--23 ൽ കേരളം സ്റ്റാർട്ടപ് ആവാസവ്യവസ്ഥാ മൂല്യത്തിൽ 254 ശതമാനം വർധനവ് കൈവരിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്. അഫോഡബിൾ ടാലന്റ് പട്ടികയിൽ കേരളം ഏഷ്യയിൽ നാലാമതാണ്. ഈ മികവ് സംസ്ഥാനം കൈവരിച്ചതാണ് വി ഡി സതീശനെ അസ്വസ്ഥനാക്കിയതും ശശി തരൂർ കേരള ഭരണത്തെ പ്രശംസിച്ചതും.
2019 - 2020 വർഷത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ 826 കോടി രൂപ ഫണ്ടിങ് നേടി . 2021- 2022 വർഷത്തിൽ ഇത് 3880 കോടിയായി ഉയർന്നു. 369 ശതമാനമാണ് വർധന.
മികവുകൾ കാണാതിരിക്കാനാവില്ല
കേരളത്തെ 2018, 2019, 2020 വർഷങ്ങളിൽ കേന്ദ്ര സർക്കാർ ടോപ് പെർഫോമർ പട്ടികയിൽ ഉൾപ്പെടുത്തി. 2022 ൽ തമിഴ്നാടിനും കർണാടകയ്‌ക്കുമൊപ്പം സ്റ്റേറ്റ് റാങ്കിങ് ഫ്രെയിംവർക്കിൽ ബെസ്റ്റ് പെർഫോമറായും അംഗീകരിക്കയുണ്ടായി.
2019ൽ കേരളത്തിൽ പുതുതായി 594 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2020ൽ 669 ആയും 2021 ൽ 899 ആയും ഉയർന്നു.
2022ൽ 1069, 2023ൽ തുടർന്ന് 1294, 2024ൽ 1128 എന്നിങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരമുള്ള കേരളത്തിലെ പുതിയ സ്റ്റാർട്ടപ്പുകളുടെ എണ്ണം. 2019 - 2020 വർഷത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ 826 കോടി രൂപ ഫണ്ടിങ് നേടി . 2021- 2022 വർഷത്തിൽ ഇത് 3880 കോടിയായി ഉയർന്നു. 369 ശതമാനമാണ് വർധന.









0 comments