വി സി നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിൽ; സുപ്രീംകോടതി വിധിയുടെ വിശദാംശം

ന്യൂഡൽഹി : ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. വി സിമാരെ ഗവർണർ നിയമിക്കേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ പട്ടികയിൽ നിന്ന് ആയിരിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ചെയർമാന്റെ അംഗീകാരത്തോടെ കുറഞ്ഞത് മൂന്നുപേരുകളടങ്ങുന്ന ചുരുക്കപ്പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. സെർച്ച് കമ്മിറ്റി നിശ്ചയിക്കുന്ന പാനലിൽ നിന്ന് മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിക്കണം. ഏതെങ്കിലും പേരിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണംസഹിതം ചാൻസലറായ ഗവർണറെ അറിയിക്കാം. നിയമനത്തിനുള്ള പേരുകൾ മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലർക്ക് നൽകണം. ഗവർണർ മുഖ്യമന്ത്രിയുടെ പേരുകൾ എതിർത്താൽ സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിക്കും. മറിച്ചാണെങ്കിൽ ഗവർണറുടെ അനുമതി ലഭിച്ച് ഒരാഴ്‌ചയ്‌ക്കകം നിയമന ഉത്തരവ് വിജ്ഞാപനം ചെയ്യാനാകും.
Related News
വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർമാനായി സുപ്രീംകോടതി മുൻ ജഡ്‌ജി സുധാൻഷു ധൂലിയയെ നിയമിച്ചു. ഗവർണറുടെ അനാവശ്യ ഇടപെടൽ തടയാൻ മുൻ ജഡ്‌ജിയെ ചെയർമാനാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. യുജിസി പ്രതിനിധിയെ ഒഴിവാക്കണമെന്ന ആവശ്യവും ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് അംഗീകരിച്ചു. ചുരുക്കപ്പട്ടികയിൽനിന്ന് നിയമനശുപാർശ നൽകാനുള്ള അധികാരം ഇടക്കാല ഉത്തരവിലൂടെ മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്‌തു.









0 comments