അർജന്റീന ടീം കേരള സന്ദർശനം മാറ്റിയതായി അറിയിച്ചിട്ടില്ല

മന്ത്രിയുടെ സ്പെയിൻ സന്ദ‌ർശനം 
ആ​ഗോള കായിക സഹകരണത്തിന്

v abdurahiman spain visit
വെബ് ഡെസ്ക്

Published on Aug 09, 2025, 12:09 AM | 2 min read


തിരുവനന്തപുരം

2024 സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹിമാനും സംഘവും സ്പെയിൻ സന്ദർശിച്ചത് കായികമേഖലയിലെ ആ​ഗോള സഹകരണത്തിനായി. സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) താൽപ്പര്യം അറിയിച്ചതും ലോകത്തെ ഒന്നാംനമ്പർ ക്ലബ് ഫുട്‌ബോൾ ലീഗായ സ്‌പെയ്‌നിലെ ലാ ലിഗ കേരളവുമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകിയതും ഈ സന്ദർശനത്തിലാണ്. എന്നാൽ ഇത് മനഃപൂർവം മൂടിവച്ച് സംസ്ഥാന സർക്കാരിനെ താറടിക്കാൻ വ്യാജവാർത്തകൾ പടച്ചുവിടുകയാണ് ചില വലതുപക്ഷ മാധ്യമങ്ങൾ.


മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ 100 കോടി രൂപ ചെലവാക്കുന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ആദ്യ ആരോപണം. സംസ്ഥാനം സർക്കാർ പണം മുടക്കിയല്ലെന്ന് വ്യക്തമായതോടെ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ എത്തിക്കാൻ 13 ലക്ഷം രൂപയ്ക്ക് മന്ത്രി വിദേശയാത്ര നടത്തിയെന്നായി. എന്നാൽ, അർജന്റീന ടീമിനെ ക്ഷണിക്കലായിരുന്നില്ല സംഘത്തിന്റെ പ്രധാന അജൻഡയെന്ന് അന്ന് യുഡിഎഫ് പത്രത്തിൽപ്പോലും വാർത്ത വന്നതുമാണ്. ലാ ലിഗയുമായുള്ള കൂടിക്കാഴ്ചയിൽ ഫുട്‌ബോൾ പരിശീലനം, കായികാനുബന്ധ കോഴ്‌സുകൾ തുടങ്ങിയ വിഷയങ്ങളിൽ സഹകരണ വാ​ഗ്ദാനങ്ങൾ ലഭിച്ചു. കേരളത്തിൽ ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തെ വൻകിട ക്ലബായ റയൽ മാഡ്രിഡ് പുതുക്കിപ്പണിത സാന്റിയാഗോ ബെർണബ സ്റ്റേഡിയവും സംഘം സന്ദർശിച്ചിരുന്നു.


കായിക സെക്രട്ടറിക്കും കായിക ഡയറക്ടർക്കും ഒപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം. കേരളം മറ്റു പല രാജ്യങ്ങളുമായും കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പിൽ മുൻനിരയിലുള്ള നെതർലൻഡ്‌സ്‌ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കേരളത്തിലെ പരിശീലകർക്കുള്ള റിഫ്രഷർ കോഴ്സ് നടത്തി. ക്യൂബയിൽനിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നും കായിക പരിശീലകരെ കൊണ്ടുവരാനും കായികസഹകരണം ഉറപ്പുവരുത്താനും മന്ത്രിയോ ഉദ്യോഗസ്ഥരോ നടത്തുന്ന വിദേശ സന്ദർശനത്തിന്‌ ദുർവ്യാഖ്യാനം നൽകുകയാണ്‌ ചിലർ.


അർജന്റീന ടീം കേരള സന്ദർശനം മാറ്റിയതായി അറിയിച്ചിട്ടില്ല

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് ഇതുവരെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല. കരാർ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. എന്നാൽ ഇത് 2026 ലേക്ക് മാറ്റണമെന്നാണ് ടീം ആവശ്യപ്പെട്ടത്. ചർച്ച നടക്കുന്നതായി കായികമന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. സർക്കാർ നിശ്ചയിച്ച സ്പോൺസർ മാച്ച് ഫീ അടച്ചിട്ടുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home