കായിക വികസനത്തിന് വിദേശ സഹകരണം : വി അബ്ദുറഹിമാൻ

തിരുവനന്തപുരം
കായിക വികസനം ലക്ഷ്യമിട്ട് വിദേശ സർക്കാരുകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കമിട്ടതായി കായികമന്ത്രി വി അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. സ്പെയിനിലെ പ്രീമിയർ ഫുട്ബോൾ ലീഗ് സംഘാടകരായ ലാ ലിഗ, സ്പെയിൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായുള്ള ചർച്ചയിൽ കായിക പരിശീലനം, സ്പോർട്സ് സയൻസ്, സ്പോർട്സ് മാനേജ്മെന്റ് വിഷയങ്ങളിൽ സഹകരണത്തിന് പ്രാഥമികതല ധാരണയായി. സ്പെയിനിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് കേരളത്തിലേക്കുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനത്തിന് തീരുമാനമായത്. ജൂഡോ, ബോക്സിങ്, റെസ്‌ലിങ് വിഭാഗങ്ങളിലെ പരിശീലകരുടെ കൈമാറ്റത്തിന് കേരളവും ക്യൂബയുമായി ധാരണയായെന്നും മന്ത്രി പറഞ്ഞു.
167 പഞ്ചായത്തിൽ കളിക്കളം
സംസ്ഥാനത്തെ 167 പഞ്ചായത്തുകളിൽ കളിക്കളങ്ങൾ നിർമിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. 67 ഇടങ്ങളിൽ കളിക്കളങ്ങൾ പൂർത്തിയായി. 425 പഞ്ചായത്തുകൾക്കാണ് കളിക്കളങ്ങൾ ഇല്ലാത്തത്. സ്ഥല പരിമിതിയാണ് കളിക്കളങ്ങൾ നിർമിക്കുന്നതിനുള്ള തടസ്സം. ഇതിന് പരിഹാരം കാണാൻ, കളിക്കളം വാങ്ങുന്നതിന് പണം അനുവദിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
ഭിന്നശേഷി സൗഹൃദ സ്റ്റേഡിയം ഒറ്റപ്പാലത്ത് നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.








0 comments