പോറ്റി പണമുണ്ടാക്കിയത് സ്‌പോൺസർമാരെ കബളിപ്പിച്ച്

എസ് കിരൺബാബു
Published on Oct 12, 2025, 03:07 AM | 1 min read
തിരുവനന്തപുരം
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിലെ പ്രതി ഉണ്ണിക്കൃഷ്‌ണൻപോറ്റിക്ക് ചില്ലിക്കാശിന്റെ സ്ഥിരവരുമാനമില്ലെന്നും പണമെല്ലാം സ്പോൺസർമാരിൽനിന്ന് തട്ടിയതാണെന്നും ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ 2017 മുതൽ 2025 വരെയുള്ള ആദായ നികുതി വകുപ്പിന്റെ റിട്ടേൺ രേഖകളിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.
ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന പണം ഇയാൾ തട്ടിയെടുത്തിരുന്നതായാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളിൽനിന്നും സ്പോൺസർഷിപ്പ് എന്ന പേരിൽ പണം പിരിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞവർഷം കാമാക്ഷി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെപേരിൽ ഇയാളുടെ അക്കൗണ്ടിലേക്ക് 10,85,150 രൂപ വന്നതായി കാണുന്നു. ശബരിമലയിലെ കേടായ വാതിൽ മാറ്റി പുതിയ വാതിൽ സ്വർണം പൂശിനൽകിയതിന്റെ യഥാർഥ സ്പോൺസർ കർണാടക ബെല്ലാരി സ്വദേശിയും വ്യവസായിയുമായ ഗോവർധൻ ആണ്. ശ്രീകോവിലിന്റെ കട്ടിളയിൽ പൊതിഞ്ഞ ചെമ്പുപാളികൾക്ക് സ്വർണം പൂശി നൽകിയത് മലയാളിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ അജികുമാർ ആണ്. 2025 ജനുവരി ഒന്നിന് അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം എന്നിവ ഉണ്ണിക്കൃഷ്ണൻപോറ്റി നടത്തിയതും മറ്റാരുടെയോ സ്പോൺസർഷിപ്പിലാണ്.
പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിർമിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാൻ 10 ലക്ഷം രൂപ നൽകിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നൽകിയതും ഉണ്ണികൃഷ്ണൻ പോറ്റിയല്ല. ഇതിലെ യഥാർഥ സ്പോൺസർമാരെ കണ്ടെത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്‌തു. ഉണ്ണിക്കൃഷ്ണൻ പോറ്റി പലയിടത്തും ബിനാമി പേരുകളിൽ ഭൂമി ഇടപാടുകൾ നടത്തിയതായും വിവരമുണ്ട്.
സ്വർണം കണ്ടെത്തുക പ്രധാനം
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽനിന്നും ശ്രീകോവിലിന്റെ കട്ടിളയിൽ നിന്നും കവർന്ന അരക്കിലോയോളം സ്വർണം കണ്ടെടുക്കുക പ്രത്യേക അന്വേഷക സംഘത്തിന്റെ ചുമതലയാണ്. ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളിൽനിന്ന് സ്വർണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഈ സ്വർണം തിരിച്ചെടുക്കാനാണ് ശ്രമം.









0 comments