ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും

UNNI MUKUNDAN
വെബ് ഡെസ്ക്

Published on May 31, 2025, 08:33 AM | 1 min read

കൊച്ചി: മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ശനിയാഴ്‌ച പരി​ഗണിക്കും. അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടതിന്‌ മാനേജർ വിപിൻ കുമാറിനെ നടൻ മർദിച്ചെന്നാണ് കേസ്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽവച്ച് തിങ്കൾ ഉച്ചയ്‌ക്ക്‌ മാനേജർ ബിപിൻ കുമാറിനെ മർദിച്ചെന്നാണ്‌ പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ്‌ മാനേജർ നൽകിയ പരാതിയിൽ പറയുന്നത്.


അടുത്തിടെ തിയറ്ററിൽ റിലീസ്‌ ചെയ്‌ത ചിത്രം ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ്‌ സെറ്റ്‌ ബേബി’ പരാജയമായിരുന്നു. ആ ചിത്രത്തെക്കുറിച്ച്‌ മാനേജർ പോസ്‌റ്റ്‌ ഷെയർ ചെയ്‌തിരുന്നില്ല. കഴിഞ്ഞദിവസം റിലീസായ ‘നരിവേട്ട’ എന്ന ടൊവിനോ തോമസ് ചിത്രത്തി​ന്റെ പോസ്റ്റർ ഉണ്ണിമുകുന്ദ​ന്റെ മാനേജർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്‌ത്‌ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിച്ചെന്നാണ്‌ വിവരം.


‘നരിവേട്ട’ സിനിമയെ പ്രശംസിച്ച്‌ താൻ പോസ്‌റ്റിട്ടിരുന്നുവെന്നും അതിന്റെ ദേഷ്യത്തിലാണ്‌ മർദിച്ചതെന്നും ബിപിൻ കുമാർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. പോസ്‌റ്റ്‌ കണ്ടപ്പോൾ ഫോണിൽ വിളിച്ച്‌ മാനേജർ പരിപാടി ഇനി വേണ്ടെന്ന്‌ പറഞ്ഞു. തന്റെ ഫ്ലാറ്റിന്‌ താഴെയ്‌ക്ക്‌ വിളിച്ചുവരുത്തി ബേസ്‌മെന്റ്‌ പാർക്കിങ്ങിൽവച്ചായിരുന്നു മർദനം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽത്തന്നെയാണ് ബിപിനും താമസം.


താരസംഘടനയായ അമ്മയ്‌ക്കും ഫെഫ്‌കയ്‌ക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിപിൻ കുമാർ പറഞ്ഞു. മാർകോയ്‌ക്ക്‌ ശേഷം ഉണ്ണി മുകുന്ദന്റെ സിനിമകൾ ഹിറ്റായിരുന്നില്ല. ഇതിനുശേഷം പുതിയ സിനിമകൾ കൃത്യമായി ലഭിച്ചില്ല. അതിന്റെ നിരാശയാണ്‌ തന്നോട്‌ കാണിച്ചത്‌. കൂടാതെ മറ്റുചില പ്രശ്‌നങ്ങളുണ്ടെന്നും അതേക്കുറിച്ച്‌ പിന്നീട്‌ പ്രതികരിക്കുമെന്നും ബിപിൻ കുമാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home