തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞത് ചോദ്യം ചെയ്തു, മുൻ മാനേജറെ മർദ്ദിച്ചിട്ടില്ല: ഉണ്ണി മുകുന്ദൻ

കൊച്ചി : തന്റെ മുൻ മാനേജറായ ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. മർദ്ദിച്ചെന്ന് തെളിഞ്ഞാൽ സിനിമ അഭിനയം നിർത്തുമെന്നും നടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തർക്കത്തിനിടെ വിപിൻ കുമാറിന്റെ കൂളിങ് ഗ്ലാസ്സ് വലിച്ചെറിഞ്ഞുവെന്നത് ശരിയാണ്. അയാളെ കണ്ട് വൈകാരികമായി സംസാരിച്ചപ്പോൾ സംഭവിച്ചു പോയതാണത്. ഇതിന് സാക്ഷിയായ മറ്റൊരു സുഹൃത്ത് ഇക്കാര്യം ഇൻഫോപാർക്ക് പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്നെക്കുറിച്ച് വിപിൻ കുമാർ മോശമായി പലതും പറഞ്ഞു പറത്തിയിരുന്നു. ഒരു നടിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് വിപിൻകുമാറുമായി സംസാരിച്ചത്. സംസാരത്തിനൊടുവിൽ വിപിൻ കരയുകയും മാപ്പു പറയുകയും ചെയ്തെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. വൈകാരികമായി സംസാരിച്ചു എന്നതും കണ്ണട എറിഞ്ഞുപൊട്ടിച്ചു എന്നുള്ളതും ശരിയാണ്. ടൊവിനോയുടെ സിനിമ നരിവേട്ടയുടെ പോസ്റ്റർ ഷെയർ ചെയ്‌തതിനാണ് വിപിനെ മർദ്ദിച്ചതെന്നത് മെനഞ്ഞുണ്ടാക്കിയ കഥയാണ്. ടൊവിനോ അടുത്ത സുഹൃത്താണ്. നടൻമാരായ തങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. വിപിൻ ഫെഫ്‌ക്ക അംഗമല്ല. രണ്ട് സ്‌ത്രീകൾ വിപിനെതിരെ അമ്മയ്‌ക്കും ഫെഫ്‌ക്കയ്‌ക്കും പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
അതേ സമയം, കേസിൽ ഉണ്ണിമുകുന്ദന് സ്‌റ്റേഷൻ ജാമ്യം ലഭിച്ചു. സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് ഇൻഫോപാർക്ക് പൊലീസ് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടതിന് മാനേജർ വിപിൻ കുമാറിനെ നടൻ മർദിച്ചെന്നായിരുന്നു കേസ്.









0 comments