വിഭജന ഭീതി ദിനാചരണം തള്ളി
മതനിരപേക്ഷതയുടെ ഇടങ്ങളാണ് സർവകലാശാലകളെന്ന് യുവജനങ്ങൾ പ്രഖ്യാപിച്ചു: മന്ത്രി ആർ ബിന്ദു

തൃശൂർ: സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവർണറുടെ ആഹ്വാനം തള്ളികളഞ്ഞ് മതനിരപേക്ഷതയുടെയും മതേതരസൗഹൃദത്തിന്റെയും ഇടങ്ങളാണ് കേരളത്തിന്റെ സർവകലാശാലകളെന്ന് യുവജനങ്ങൾ ഉറക്കെ പ്രഖ്യാപിച്ചെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ദേശീയ അന്തർദേശീയ ഗുണനിലവാരം പരിശോധനയിൽ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. എല്ലാതലത്തിലും മുന്നേറുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ പ്രതിഫനമാണ് വിഭജന ഭീകരത ദിനം ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശം. എന്നാൽ, ഇത് മനസ്സിലാക്കി പ്രതിരോധിക്കാൻ കലാലയ സമൂഹങ്ങളും സർവകലാശാല അക്കാദമിക്ക് കമ്മിറ്റികളും വിദ്യാർഥികളും ഒറ്റക്കെട്ടായി നിന്നു.
കലാപാഹ്വാനം തള്ളികയാനാണ് വിദ്യാർഥികൾ ശ്രമിച്ചത്. ജനാധിപത്യ സ്വഭാവവും സാമൂഹിക നീതി സങ്കൽപ്പങ്ങളും ഉൾചേർന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇത് തകർക്കാൻ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല വേണ്ടത്. വിദ്യാർഥികളുടെ വിശാല താൽപ്പര്യവും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളും മുൻനിർത്തി സഹകരണത്തോടെ ഏകോപിതമായി പ്രവർത്തിക്കാൻ താക്കോൽ സ്ഥാനത്തിരിക്കുന്ന വൈസ്ചാൻസലർമാർക്ക് ഉത്തരവാദിത്വമുണ്ട്. ഉന്നതവിദ്യാഭ്യസ മേഖല ഇനിയും മുന്നോട്ടാണ് പോകേണ്ടത്. ദേശീയ സ്വാതന്ത്ര്യ സമരത്തിനൊപ്പം നിൽക്കാതെ പിന്നിൽ നിന്ന് കുത്തിയവർ അന്നുമുണ്ടായിരുന്നു. അത് രാജ്യത്തിന് ആഴത്തിലുള്ള മുറിവുകളാണുണ്ടാക്കിയത്. ആ മുറിവുകൾ ഉണക്കാനാണ് ശ്രമിക്കേണ്ടത്. വീണ്ടും കുത്തി പുണ്ണാക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.









0 comments