പ്രണയത്തിലൂടെ ഒന്നിച്ചു; കാക്കിയിലും

police couple
avatar
സി എ പ്രേമചന്ദ്രൻ

Published on May 11, 2025, 09:50 AM | 1 min read

തൃശൂർ : പ്രണയസാഫല്യമായി ജീവിതത്തിൽ അവർ ആദ്യം ഒന്നിച്ചു. കാക്കിത്തൊപ്പിയണിഞ്ഞതും ഒന്നിച്ച്‌. ആദ്യ എക്‌സൈസ്‌ ഇൻസ്‌പെക്ടർ ദമ്പതികളായി ജിത്തുവും നീതുവും ചരിത്രത്തിലേക്കാണ്‌ ചുവടുവച്ചത്‌. ഇക്കഴിഞ്ഞ മാർച്ച്‌ 30നായിരുന്നു ഇവരുടെ വിവാഹം. തൃശൂർ എക്‌സൈസ്‌ അക്കാദമിയിൽ ശനിയാഴ്‌ച നടന്ന പാസിങ് ഔട്ട്‌ പരേഡിലാണ്‌ ഇരുവരും ഒന്നിച്ച്‌ കർമപഥത്തിലേക്ക്‌ ചുവടുവച്ചത്‌.

എറണാകുളം നെട്ടൂർ വെളിയിൽ പറമ്പിൽ ജിത്തു കിരൺ (31), ഭാര്യ കണ്ണൂർ ആര്യപറമ്പ്‌ കൃഷ്‌ണകൃപയിൽ നീതു മനോഹരൻ എന്നിവരാണ്‌ എക്‌സൈസ്‌ ഇൻസ്‌പെക്ടർമാരായത്‌. ഏഴാം ബാച്ചുകാരനായ ജിത്തുവിന്റെ പ്ലാറ്റൂണിനു പിന്നാലെയാണ്‌ എട്ടാമത്‌ ബാച്ചുകാരിയായ നീതുവിന്റെ പ്ലാറ്റൂൺ നീങ്ങിയത്‌.


പരേഡിനുശേഷം മന്ത്രി എം ബി രാജേഷുമൊത്തുള്ള ഗ്രൂപ്പ്‌ ഫോട്ടോയിൽ ഇരുവരും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടു. ജിത്തുവിന്റെ അച്ഛൻ ചന്ദ്രശേഖരനും അമ്മ ഉഷയും നീതുവിന്റെ അച്ഛൻ മനോഹരനും അമ്മ ഭാനുമതിയും ഉൾപ്പെടെ കുടുംബാംഗങ്ങൾ ചടങ്ങിന്‌ സാക്ഷിയായി. ബിടെക്‌ സിവിൽ എൻജിനിയർ ബിരുദധാരിയാണ്‌ ജിത്തു. എംഎസ്‌സി ബിരുദധാരിയാണ്‌ നീതു. എക്‌സൈസ്‌ ഇൻസ്‌പെക്ടർ തസ്‌തികയിൽ പിഎസ്‌സി പരീക്ഷയിൽ കഴിഞ്ഞ റാങ്ക്‌ ലിസ്‌റ്റിൽ ഇടം നേടിയപ്പോൾ റാങ്ക്‌ ജേതാക്കൾ ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയിരുന്നു. നിയമനത്തിനായി സർക്കാരിന്‌ നിവേദനങ്ങളും നൽകിയിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്‌മിൻമാരായിരുന്നു ജിത്തുവും നീതുവും. ഇതുവഴിയുണ്ടായ പരിചയം പ്രണയമായി വളർന്നു. വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹവും നിശ്‌ചയിക്കുകയായിരുന്നു. ഇരുബാച്ചുകാരായിരുന്നുവെങ്കിലും തൃശൂർ എക്‌സൈസ്‌ അക്കാദമിയിൽ ഒന്നിച്ചായിരുന്നു പരിശീലനം.


പാസിങ്‌ ഔട്ട്‌ പരേഡും ഒന്നിച്ചായി. ഒന്നിച്ച്‌ എക്‌സൈസ്‌ ഇൻസ്‌പെക്ടർമാരാവാൻ കഴിഞ്ഞത്‌ അഭിമാനകരവും സന്തോഷ നിമിഷങ്ങളുമാണെന്ന്‌ ജിത്തുവും നീതുവും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home