നേട്ടങ്ങളുടെ പേരിലോ ഈ ശിക്ഷ

budget 2024

budget 2024

avatar
മിൽജിത്‌ രവീന്ദ്രൻ

Published on Feb 03, 2025, 02:16 AM | 1 min read

തിരുവനന്തപുരം : ‘കേന്ദ്രസർക്കാരിന്റെ ബജറ്റ്‌ വിഹിതം ലഭിക്കാൻ കേരളം പിന്നോക്കം പോകണോ’ എന്നതാണ്‌ കേന്ദ്ര ബജറ്റിനെക്കുറിച്ച്‌ ഓരോ മലയാളിയും ചോദിക്കുന്നത്‌. ബജറ്റിൽ വിഹിതം അനുവദിക്കാതെ കേരളത്തെ അവഗണിച്ചതിന്‌, ന്യായീകരണവുമായെത്തിയ കേന്ദ്ര സഹമന്ത്രി ബിജെപി നേതാവ്‌ ജോർജ്‌ കുര്യന്റെ പ്രസ്‌താവന മലയാളിയുടെ മുറിവിൽ മുളക്‌ അരച്ച്‌ തേയ്‌ക്കുന്നതുപോലെയായി.


കേരളം പിന്നോക്ക സംസ്ഥാനമാണെന്ന്‌ സമ്മതിച്ചാൽ ബജറ്റിൽ സഹായം അനുവദിക്കാമെന്നാണ്‌ ജോർജ്‌ കുര്യൻ പറഞ്ഞത്‌. കേരളത്തോട്‌ ബിജെപിയുടെ സമീപനമാണ്‌ മലയാളിയായ സഹമന്ത്രി മറയില്ലാതെ പറഞ്ഞത്‌. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവയിലടക്കം കൈവരിച്ച നേട്ടങ്ങളുള്ളപ്പോഴാണ്‌ കേരളത്തെ ശത്രുപട്ടികയിൽ നിർത്തുന്നത്‌. കേരളത്തോട്‌ ശത്രുതാമനോഭാവമാണ്‌ കേന്ദ്രത്തിനെന്നുള്ള ആക്ഷേപം ശരിവയ്‌ക്കുന്നതാണ്‌ ബജറ്റ്‌.


‘കേരളം’ എന്ന വാക്കുപോലും ഈ ബജറ്റിലുമുണ്ടായില്ല. ഒരു നാടൊന്നാകെ കുത്തിയൊലിച്ചുപോയ, രാജ്യംകണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സഹായം ഏവരും പ്രതീക്ഷിച്ചു. അതും ഉണ്ടായില്ലെന്നത്‌ ഞെട്ടലുണ്ടാക്കുന്നു. കേരളം പ്രധാന ആവശ്യങ്ങളടങ്ങിയ 14 ഇന പട്ടിക സമർപ്പിച്ചിരുന്നു. വയനാട്ടിലെ പുനരധിവാസം, പ്രത്യേക സാമ്പത്തിക പാക്കേജ്‌, വിഴിഞ്ഞം തുറമുഖ സഹായം, വന്യജീവി ആക്രമണം നേരിടാനുള്ള സഹായം എന്നീ ആവശ്യങ്ങളിൽ ഒന്നുപോലും ഇടംപിടിച്ചില്ല. ഏറ്റവും മികച്ച രീതിയിൽ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. എന്നാൽ, മൂന്നുവർഷം മുമ്പുള്ളതിനേക്കാൾ കുറഞ്ഞ വിഹിതമാണ്‌ വകയിരുത്തിയത്‌. അങ്കണവാടി, ആശ, സ്കൂൾ പാചകത്തൊഴിലാളി സ്‌കീം വർക്കേഴ്‌സിനും തുക വർധിപ്പിക്കാൻ തയ്യാറായില്ല.


ക്ഷേമപെൻഷന്റെ കാര്യത്തിലും സമാനമാണ്‌ സ്ഥിതി. സ്കൂളുകളിലെ ടിങ്കറിങ്‌ ലാബുകളും ഇന്റർനെറ്റും അടക്കമുള്ള പല പദ്ധതികളും കേരളം മുമ്പുതന്നെ നടപ്പാക്കിയതിനാൽ, ബജറ്റിൽ പ്രഖ്യാപിച്ച ആ വിഹിതവും കേരളത്തിനു ലഭിക്കില്ല. കേരളം സുസ്ഥിര വികസനം ഉറപ്പാക്കി താഴേതലത്തിൽ ജീവിതനിലവാരം ഉയർത്തിയതായി സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പ്രശംസിക്കുകയും പിന്നാലെ നേട്ടങ്ങളുടെ പേരിൽ ബജറ്റിലൂടെ ശിക്ഷിക്കുകയുമാണ്‌ കേന്ദ്രം ചെയ്യുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home