കേന്ദ്ര ബജറ്റ്; പിന്നാക്ക വിഭാഗങ്ങൾക്ക് സമ്പൂർണ അവഗണന: ഒ ആർ കേളു

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ ഏകോപന പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങിയതിനാൽ ബജറ്റ് വിഹിതത്തിൽ കുറവുണ്ടായതായി പട്ടികവിഭാഗ വികസനമന്ത്രി ഒ ആർ കേളു. പട്ടികജാതി, പട്ടികവർഗ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പ്രത്യേക ഘടക പദ്ധതിയിൽ നിന്നാണ് കേന്ദ്രസർക്കാർ പിൻവാങ്ങിയത്. ഇതോടെ 16.8 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് ബജറ്റ് വിഹിതം 0.23 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 0.35 ശതമാനവുമായി ചുരുങ്ങിയെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തത്തിൽനിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ കേന്ദ്ര ബജറ്റിൽ പരിഗണിക്കാത്തത് ക്രൂരതയാണെന്നും കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. പിവിടിജി വിഭാഗത്തിൽപ്പെടുന്ന ദുർബലരായ പട്ടികവർഗ വിഭാഗത്തിനുള്ള തുക പൂർണമായി അവസാനിപ്പിച്ചു. പട്ടികവർഗ വിഭാഗങ്ങളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 100 കോടി രൂപയും ഫെലോഷിപ്പ് തുക 230 കോടി രൂപയും പൂർണമായും വേണ്ടെന്നുവച്ചു. ദേശീയ സർക്കാർ കൊണ്ടുവന്ന പിഎം ജൻമൻ എന്ന ഫ്ളാഗ്ഷിപ്പ് പദ്ധതിക്കും 25 കോടിയിൽനിന്നും 12 കോടിയാക്കി ചുരുക്കി. പട്ടികജാതി പട്ടികവർഗ ധനകാര്യ കോർപ്പറേഷന് ലഭ്യമായിരുന്ന 30 കോടി രൂപ ഒരു ലക്ഷമാക്കി ചുരുക്കി.
പട്ടികജാതി കുട്ടികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പും മുൻവർഷത്തെ 6359 കോടിയിൽ നിന്നും 5900 കോടിയാക്കി ചുരുക്കി. പിഎം അജയ് പദ്ധതിയിൽ 100 കോടി രൂപയുടെ കുറവാണ് വരുത്തിയത്. 1978 മുതൽ പട്ടികവിഭാഗങ്ങൾക്ക് വകയിരുത്തിയതുപോലെ പ്രത്യേക ഘടകപദ്ധതിയും പട്ടികവർഗ ഉപപദ്ധതിയും പുനഃസ്ഥാപിക്കണമെന്നും മന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സുരേഷ് ഗോപിക്കെതിരെ നടപടി വേണം
പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുല ജാതനാകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. സത്യപ്രതിജ്ഞ ലംഘിച്ചത് മാത്രമല്ല, നിലവാര തകർച്ചയുടെ അങ്ങേയറ്റത്താണ് നിൽക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. മനുവാദികളുടെ താൽപ്പര്യമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മനുഷ്യരെ പല തട്ടുകളിലാക്കി ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന ആർഎസ്‌എസ് മനോഭാവമുള്ള ജനപ്രതിനിധിയെ ഈ നാടിന് അംഗീകരിക്കാനാവില്ലെന്നും സുരേഷ് ഗോപിക്കെതിരെ ഭരണഘടന ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments