യുകെയിൽ ജോലി വാഗ്‌ദാനംചെയ്‌ത് തട്ടിപ്പ് : ടേക്ക് ഓഫ് ഉടമ അറസ്റ്റിൽ

കൊച്ചി : യുകെയിൽ ജോലി വാഗ്‌ദാനംചെയ്‌ത് 5.23 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി ഉടമ പത്തനംതിട്ട സ്വദേശിനി കാർത്തിക പ്രദീപിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തു. പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂർ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാർത്തികയെ അറസ്റ്റ് ചെയ്‌തത്.
യുകെയിൽ സോഷ്യൽ വർക്കറായി ജോലി നൽകാമെന്നു പറഞ്ഞ് 2024 ആഗസ്‌ത് 26 മുതൽ ഡിസംബർ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യൻ ബാങ്ക് കലൂർ ശാഖയിലെ കാർത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്.
എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി’ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ് കാർത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) അറിയിച്ചു.









0 comments