ബ്രിട്ടനിൽനിന്ന് വിദഗ്ധസംഘത്തെ എത്തിച്ച വിമാനം മടങ്ങി; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റി

തിരുവനന്തപുരത്തെത്തിയ യുകെ എയർബസ് 400 തിരികെ മടങ്ങുന്നു | ഫോട്ടോ: എ ആര്‍ അരുണ്‍രാജ്
തിരുവനന്തപുരം: സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അറ്റകുറ്റപ്പണി നടത്താൻ വിദഗ്ധ സംഘവുമായി എത്തിയ വിമാനം മടങ്ങി. ബ്രിട്ടനിൽ നിന്ന് പതിനേഴംഗ സംഘമാണ് എത്തിയത്. യുകെ എയർബസ് 400 വിമാനത്തിൽ ഞായറാഴ്ചയാണ് സംഘമെത്തിയത്.
യുദ്ധവിമാനം അറ്റകുറ്റപ്പണിക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കി. തകരാർ പരിഹരിച്ച് യുദ്ധവിമാനം പറത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്ന് വിദഗ്ധ സംഘം ശ്രമിക്കും. അതിന് സാധിച്ചില്ലെങ്കിൽ വിമാനത്തിന്റെ ചിറകുകൾ മാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോനാകാനും ശ്രമം. 14 മീറ്റർ നീളവും 11 മീറ്റർ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാൻ വിമാന നിർമാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പരിശീലിപ്പിച്ച എൻജിനീയർമാർക്ക് മാത്രമേ കഴിയൂ. വിമാന ഭാഗങ്ങൾ അഴിച്ചുമാറ്റുമ്പോൾ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും.
ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം കഴിഞ്ഞമാസം 14നാണ് തിരുവനന്തപുരത്ത് കുടുങ്ങിയത്. ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചതിനെ തുടർന്ന് തിരികെപ്പോകാൻ സാധിക്കാതാകുകയായിരുന്നു.
0 comments