കൊള്ളക്കഥകൾ നാളെമുതൽ
അഴിമതിവഴിയിൽ യുഡിഎഫ്

ഒമ്പതു വർഷമായി സംസ്ഥാനഭരണത്തിലില്ലാതിരുന്നിട്ടും യുഡിഎഫ് നേതാക്കൾ നടത്തിയ അഴിമതിയുടെ പുതുവഴികളും രീതിശാസ്‌ത്രവും ഏത് കൊള്ളക്കാരനെയും അതിശയിപ്പിക്കും. ലോകം നടുങ്ങിയ മുണ്ടക്കൈ ദുരന്തംപോലും കോൺഗ്രസും ലീഗും അഴിമതിക്ക് അവസരമാക്കി
തിരുവനന്തപുരം
അഴിമതി കണ്ടുപിടിച്ചത് ആരാണെന്നു ചോദിച്ചാൽ പെട്ടെന്ന് ഒരുത്തരം കിട്ടിയേക്കില്ല. പക്ഷേ, കേരളത്തിൽ അത് ആർക്കുവേണ്ടിയാണെന്ന് ചോദിച്ചാൽ ഏത് ‘എഐ’യും ഉടനുത്തരം നൽകും– ‘യുഡിഎഫിനു വേണ്ടി’. ഒമ്പതു വർഷമായി സംസ്ഥാനഭരണത്തിലില്ലാതിരുന്നിട്ടും യുഡിഎഫ് നേതാക്കൾ നടത്തിയ അഴിമതിയുടെ പുതുവഴികളും രീതിശാസ്‌ത്രവും ഏത് കൊള്ളക്കാരനെയും ലജ്ജിപ്പിക്കും. ഭരിക്കാൻ കിട്ടിയ ഏതവസരവും അഴിമതിക്കുള്ള മാർഗമായാണ് അവർ കണ്ടത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതിയെ തീവെട്ടിക്കൊള്ളയെന്ന് വിശേഷിപ്പിച്ചത് ഇന്നത്തെ പ്രതിപക്ഷ നേതാവു തന്നെയാണ്. പക്ഷെ പ്രതിപക്ഷത്തായിട്ടും സ്വഭാവം മാറിയില്ലെന്ന് ദിവസേന വരുന്ന പത്രവാർത്തകൾ പറയുന്നു.
ലോകം നടുങ്ങിയ മുണ്ടക്കൈ ദുരന്തംപോലും അഴിമതിക്ക് അവസരമാക്കി കോൺഗ്രസും ലീഗും. പിരിച്ചതിന്റെ കണക്കിലാണ് കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും അടി. ലീഗാകട്ടെ തോട്ടംഭൂമി വൻവിലകൊടുത്തു വാങ്ങിയതിന്റെ നെട്ടോട്ടത്തിലാണ്.
തൃക്കാക്കര നഗരസഭയിൽ ഭരണം ഓണത്തിനുള്ള ‘പണക്കിഴി’ ആയപ്പോ ൾ യുഡിഎഫുകാർതന്നെ അഴിമതി പുറത്തുവിട്ടു. ഇപ്പോൾ വിജിലൻസ് ഭരണം നോക്കുന്നു!

യുഡിഎഫ് ഭരിക്കുന്ന ഒരേയൊരു കോർപറേഷനായ കണ്ണൂരിൽ ശ്മശാനത്തിൽ വിറക് വാങ്ങാനുള്ള പണംവരെ കട്ടുവെന്നാണ് ഒടുവിൽ തെളിഞ്ഞത്. എരിഞ്ഞടങ്ങുന്ന മൃതദേഹങ്ങളോട് പോലും അഴിമതി! മലപ്പുറം ജില്ലാപഞ്ചായത്തിൽ എങ്ങനെ അഴിമതി നടത്താമെന്ന ഗവേഷണത്തിലാണ് ലീഗ്. വികസനപദ്ധതിയുടെ കരാറിന്റെ മറവിൽ നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയതിന് ജില്ലാപഞ്ചായത്ത് അംഗം ജയിലിലാണ്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ടൗൺവികസനത്തിന് സർക്കാർ 40 ലക്ഷം നൽകി. പക്ഷേ, പ്രസിഡന്റിന് ഐഡിയ. വികസനത്തിന് പണം സമാഹരിക്കാം. വ്യാപക പിരിവ്. പണം കിട്ടി, വികസനം നടന്നില്ല. പിരിച്ച പണം ചില‘വായിൽ ’ പോയി !
പാർടിഫണ്ടിൽനിന്ന് വരെ പണം അപഹരിച്ച കഥ നേതൃത്വം തന്നെ സമ്മതിച്ചതാണ്. അതി ലൊന്ന് വയനാട് ദുരന്തത്തിന്റെ പേരിൽ പിരിച്ച കോടികൾ. കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി എത്ര തവണ, എത്ര രൂപ? ആർക്കുമറിയില്ല. കെ സുധാകരൻ നടത്തിയ രണ്ടു ചലഞ്ചുകളാണ് 137, 138. ബൂത്ത് തലത്തിൽ സമാഹരണം നടന്നു. പണം സ്വാഹ!
പ്രതിപക്ഷത്തിരുന്ന് യുഡിഎഫ് നേതാക്കൾ മത്സരിച്ച് നടത്തുന്ന അഴിമതികളുടെ അധ്യായങ്ങൾ അനന്തമായി നീളും. നാടിന്റെ വികസനത്തിന് തുരങ്കംവയ്ക്കുകയും അഴിമതിയുടെ പുതിയ പരീക്ഷണങ്ങൾ നിരന്തരം തുടരുകയുംചെയ്യുന്ന യുഡിഎഫിന്റെ നെറികേടിന്റെ രാഷ്‌ട്രീയം കേരളം തിരിച്ചറിയുന്നുണ്ട്. മറന്നുപോകാതെ മനസ്സിരുത്തി വായിക്കേണ്ട കൊള്ളക്കഥകൾ നാളെമുതൽ ദേശാഭിമാനിയിൽ..









0 comments