കൊന്നു കുഴിച്ചുമൂടി ; പൊലീസിനെതിരെ മാർച്ചും നടത്തി

തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കൊന്നുകുഴിച്ചുമൂടി ആഭരണം കവര്‍ന്ന കേസില്‍ ജയിലിലായത് യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മാതോത്ത് വിഷ്ണു
മലപ്പുറം
തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായ പള്ളിപ്പറമ്പിലെ മാങ്കുത്ത് സുജിത വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയത് 2023 ആഗസ്ത് 11നാണ്. പത്തുദിവസത്തിനുശേഷം ആഗസ്ത് 21ന് മറ്റൊരു വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തി. സുജിതയെ കൊന്നുകുഴിച്ചുമൂടി ആഭരണം കവര്‍ന്ന കേസില്‍ ജയിലിലുള്ളത് യൂത്ത്കോണ്‍ഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറി മാതോത്ത് വിഷ്ണു(27)വും കൂട്ടാളികളുമാണ്. സുജിതയുടെ തിരോധാനത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് മണ്ഡലം സെക്രട്ടറി അറസ്റ്റിലായത്.
സുജിതയില്‍നിന്ന് പണം കടംവാങ്ങിയിരുന്ന വിഷ്ണു തിരിച്ചുകൊടുക്കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇയാളും സഹോദരങ്ങളും സുഹൃത്തും ചേര്‍ന്ന് കഴുത്തില്‍ കയർമുറുക്കി കൊലപ്പെടുത്തി. ടെറസിലെ ഇരുമ്പുകൊളുത്തിൽ കയറിട്ടുതൂക്കി ജനൽവഴി വലിച്ച് മരണം ഉറപ്പാക്കി. ആഭരണം കൈക്കലാക്കിയഷേശം മൃതദേഹം വീട്ടുമുറ്റത്തു കുഴിച്ചിട്ടു. ഇവിടെ കോണ്‍ക്രീറ്റ് സ്ലാബ് പണിയാൻ മെറ്റലും ഇറക്കി.
വിഷ്ണുവിന്റ സഹോദരങ്ങളായ വൈശാഖ് (21), വിവേക് (20), സുഹൃത്ത് മുഹമ്മദ് ഷിഹാൻ (18), വിഷ്ണുവിന്റെ പിതാവ് മുത്തു (53) എന്നിവരാണ് കൂട്ടുപ്രതികൾ. ശബ്ദപരിശോധനാ സാമ്പിൾ, മൊബൈൽ ഫോൺ കോളുകളുടെ വിവരങ്ങൾ, ലൊക്കേഷൻ മാപ്പുകൾ എന്നിവ ശേഖരിച്ച് ശാസ്ത്രീയമായാണ് കേസ് തെളിയിച്ചത്. കേസിന്റെ വിചാരണ മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നടക്കുകയാണ്.
സതീശ ശിഷ്യരുടെ ചേന്ദമംഗലം കൊള്ള
ചേന്ദമംഗലം സഹകരണ ബാങ്കിൽ സതീശന്റെ അനുയായികൾ ബിനാമിവായ്പ വഴി നടത്തിയത് 20.40 കോടിയുടെ ക്രമക്കേട്. അറിഞ്ഞഭാവം നടിക്കാത്ത സതീശൻ ഒരുവാക്കുകൊണ്ടുപോലും കൊള്ളക്കാരെ വേദനിപ്പിച്ചില്ല.
അഴിമതിക്കെതിരെ പ്രസംഗിക്കുന്ന വി ഡി സതീശന്റെ തട്ടകത്തിലുമുണ്ട് കോടികളുടെ കൊള്ള. ചേന്ദമംഗലം സഹകരണ ബാങ്കിൽ സതീശന്റെ അനുയായികൾ നടത്തിയത് 20.40 കോടി രൂപയുടെ ക്രമക്കേട്. ബിനാമിവായ്പ വഴിയാണ് തട്ടിപ്പ്. അറിഞ്ഞഭാവം നടിക്കാത്ത സതീശൻ ഒരുവാക്കുകൊണ്ടുപോലും കൊള്ളക്കാരെ വേദനിപ്പിച്ചില്ല.
എറണാകുളം ഡിസിസി അംഗം കെ ശിവശങ്കരൻ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കാലത്തായിരുന്നു തട്ടിപ്പ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും സതീന്റെ വിശ്വസ്തനുമായ ശ്രീജിത്ത് മനോഹർ അടക്കം പ്രമുഖ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും അംഗങ്ങളായ സമിതിയായിരുന്നു. ജില്ലക്ക് പുറത്തെ മാള അന്നമനടയിലെ സ്ഥലങ്ങൾ ഇൗടായി നൽകി മതിപ്പുവിലയേക്കാൾ പത്തിരട്ടി കാണിച്ചായിരുന്നു തട്ടിപ്പ്.

ഒരംഗത്തിനുള്ള പരമാവധി വായ്പ തുകയായ 25 ലക്ഷം രൂപ വീതം 66 വായ്പകളിലാണ് പണം കവർന്നത്. 44 വായ്പകളിലായി 11.25 കോടി രൂപയുടെ തട്ടിപ്പിന് നേതൃത്വം നൽകിയത് മാഞ്ഞാലി മാട്ടുപുറം തേക്കുംകാട്ടിൽ ടി എസ് ഷൈബിയാണ്. ജില്ലക്കു പുറത്തും ബാങ്ക് പരിധിയിലുമുള്ള വിലകുറഞ്ഞ ഒട്ടേറെ വസ്തുക്കളാണ് കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ ഇയാൾ ഈടായി നൽകിയതെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണങ്ങളിൽ കണ്ടെത്തി.
മാള അന്നമനടയിലെ നെൽപ്പാടങ്ങൾ പണയപ്പെടുത്തി രണ്ടുകോടി രൂപ വായ്പ എടുത്തതിൽ ഇയാൾക്കെതിരെ വിജിലൻസ് കേസെടുത്തു. നെട്ടൂർ, ആലപ്പുഴ സ്വദേശികളായ ആളുകളുടെ ഈ വസ്തുക്കൾക്ക് സർക്കാർ മതിപ്പുവില 21 ലക്ഷം മാത്രമുള്ളപ്പോൾ കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ വിലയിട്ടത് 6.25 കോടി.
തട്ടിപ്പിന്റെ വെട്ടിക്കൽ മോഡൽ
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുളയിൽ 2 കേസ്
ആരോഗ്യവകുപ്പിൽ ജോലി വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി വ്യാജ നിയമന ഉത്തരവ് നൽകിയ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുളയിൽ രണ്ടുകേസുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്‌ദാനംചെയ്‌ത് 80,000 രൂപ തട്ടിയെടുത്തതിനും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി നൽകാമെന്നുപറഞ്ഞ് 50,000 രൂപ കബളിപ്പിച്ചതിനുമാണ് കേസ്.
ആറന്മുള സ്വദേശിയായ യുവതി 2023 ജനുവരി 23നാണ് അരവിന്ദ് വെട്ടിക്കലിന് പണം കൈമാറിയത്. അരവിന്ദിന്റെ ഫെഡറൽബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം 60,000 രൂപയും പിന്നീട് 20,000 രൂപയും. ഇതിന്റെ ബാങ്ക് രസീതും പരാതിയോടൊപ്പം യുവതി പൊലീസിന് നൽകിയിട്ടുണ്ട്. എംകോ ബിരുദധാരിയായ ഇവർക്ക് ജനറൽ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിൽ റിസപ്‌ഷനിസ്‌റ്റ് തസ്‌തികയിലാണ് ജോലി വാഗ്‌ദാനം ചെയ്തത്.
പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ എംപി ക്വാട്ടയിൽ ജോലി വാഗ്‌ദാനംചെയ്‌തായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയമന തട്ടിപ്പ്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനംചെയ്‌ത് 50,000 രൂപ കൈപ്പറ്റി വ്യാജ നിയമന ഉത്തരവ് നൽകിയകേസിൽ അരവിന്ദിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. എംപി ക്വാട്ടയിൽ റിസപ്ഷനിസ്റ്റ് തസ്‌തികയിൽ നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു കരുനാഗപ്പള്ളി സ്വദേശിനിയെയാണ് വഞ്ചിച്ചത്. 2023 ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകി. ഡയറക്ടറേറ്റിലെ സെക്‌ഷൻ ഓഫീസറുടെ പേരിൽ വ്യാജ ലെറ്റർപാഡ് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്.
ഒല്ലൂരിലെ യൂത്ത്‌സ് ഒളിവിലാണ് ഗയ്‌സ്
തമിഴ്‌നാട് ക്വട്ടേഷൻസംഘത്തെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ യൂത്ത്‌കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഒളിവിലാണ്. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പാണഞ്ചേരി കൂട്ടാല കല്ലറയ്ക്കൽ പ്രവീൺരാജു (27), പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് പട്ടിക്കാട് കുന്നത്ത് ജിഫിൻജോയ് (34) എന്നിവരാണ് പ്രതികൾ. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
നെല്ലായിയിൽ ജൂൺ 20നാണ് പുത്തൂർ സ്വദേശി സിജുവിനെ ആക്രമിച്ചത്. മൊബൈൽഫോണും കവർന്നു. ക്വട്ടേഷൻ സംഘാംഗങ്ങളെയും സ്ത്രീയെയും കൊടകര പൊലീസ് അറസ്റ്റു ചെയ്‌തു.
തട്ടിപ്പിനായിമാത്രം ചക്കരക്കൽക്കൂട്ട്
തട്ടിപ്പിനായിമാത്രം രൂപീകരിച്ചതാണ് ചക്കരക്കൽ ബിൽഡിങ് മെറ്റീരിയൽ കോ– ഓപ്പറേറ്റീവ് സൊസൈറ്റി. കെപിസിസി അംഗം കെ സി മുഹമ്മദ് ഫൈസൽ പ്രസിഡന്റായ സൊസൈറ്റിയിൽ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണവകുപ്പ് സ്പെഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയത്. നിക്ഷേപകർ ഡിസിസി ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെ നടത്തിയെങ്കിലും നേതാക്കളാരും കാണാൻപോലും കൂട്ടാക്കുന്നില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്.
വിമാനത്താവളത്തിന് ഭൂമി വിട്ടുനൽകിയതിന്റെ നഷ്ടപരിഹാരം ലഭിച്ചവർ മുതൽ ദൈനംദിന നിക്ഷേപം നൽകിയ വീട്ടമ്മമാർ, വ്യാപാരികൾ വരെയുള്ളവർ വഞ്ചിക്കപ്പെട്ടു. 70 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവരുണ്ട്. സൊസൈറ്റി സെക്രട്ടറി ഇ കെ ഷാജി നിക്ഷേപകരുടെ പണം തട്ടിയെടുത്ത് കേരളത്തിനകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയതും ബിനാമി പണം നിക്ഷേപിച്ചതും തെളിഞ്ഞു. ഇയാൾ 7.80 കോടിയും അറ്റൻഡർ ശൈലജ നാലു ലക്ഷവും തട്ടിയെടുത്തതായാണ് കണ്ടെത്തൽ. തട്ടിയെടുത്ത പണം ഓഹരിവിപണിയിലും ഓൺലൈൻ ബിസിനസിലും നിക്ഷേപിച്ചു.









0 comments