നീറ്റ് യുജി ഫലത്തിന്റെ പേരിലും യുഡിഎഫ് പത്രത്തിന്റെ കേരളവിരുദ്ധ വാർത്ത

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷാ ഫലത്തിന്റെ പേരിലും ‘മലയാള മനോരമ’യുടെ കേരളവിരുദ്ധ വാർത്ത. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ഉത്തർപ്രദേശ് ഒന്നാമതാണെന്നും കേരളത്തിന് ഏഴാം സ്ഥാനം മാത്രമാണെന്നും യുഡിഎഫ് പത്രം പരിതപിക്കുന്നു. ജനസംഖ്യ നോക്കിയാൽ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തും കേരളം 13–-ാം സ്ഥാനത്തുമാണ് എന്നത് മറച്ചുവെച്ചാണ് മനോരമയുടെ വ്യാഖ്യാനം. മാത്രമല്ല, യുപിയിൽ 3,33,088 പേർ പരീക്ഷ എഴുതിയപ്പോൾ 1,70,684 പേർക്കാണ് യോഗ്യരായത്. വിജയ ശതമാനം 51.24. കേരളത്തിൽ 1,21,516 പേർ പരീക്ഷ എഴുതിയപ്പോൾ 73,328 പേരും യോഗ്യത നേടി. 60.34 ശതമാനമാണ് വിജയം.
ഇരുപത്തിമൂന്ന് കോടി ജനസംഖ്യയുള്ള യുപിയിൽനിന്ന് 3.33 ലക്ഷം പേർ മാത്രമാണ് പരീക്ഷ എഴുതിയത്. 3.5 കോടി ജനസംഖ്യയുള്ള കേരളത്തിൽനിന്നാകട്ടെ 1.21 ലക്ഷം കുട്ടികൾ പരീക്ഷ എഴുതി. കേരളത്തിന്റെ ആറിരട്ടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനത്തുനിന്ന് കേരളത്തിൽനിന്ന് എഴുതിയതിന്റെ മൂന്നിരട്ടി കുട്ടികൾ പോലും പരീക്ഷ എഴുതിയില്ല. യുപിയുടെ പിന്നാക്കാവസ്ഥ മറച്ചുവച്ച് കേരളത്തെ അപമാനിക്കുകയാണ് യുഡിഎഫ് പത്രം. ജനസംഖ്യയുമായി താരതമ്യം ചെയ്‌താൽ 0.2 ശതമാനമാണ് കേരളത്തിന്റെ വിജയം. യുപിയിൽ ഇത് 0.07 ശതമാനവും മഹാരാഷ്‌ട്രയിൽ 0.09 ശതമാനവുമാണ്.









0 comments