മുണ്ടക്കൈ ദുരന്തബാധിതരെ അവഗണിച്ച്‌ കേന്ദ്രം ; വയനാടിനോടുള്ള വഞ്ചനയിലും 
നിശ്ശബ്ദരായി യുഡിഎഫ്‌

Wayanad Landslide
വെബ് ഡെസ്ക്

Published on Oct 09, 2025, 03:00 AM | 1 min read


തിരുവനന്തപുരം

ഇത്തവണത്തെ നിയമസഭാ സമ്മേളനം ആരംഭിച്ചശേഷം ഇതുവരെ ബഹളത്തിനുമാത്രം ശ്രമിച്ച പ്രതിപക്ഷം മറന്നത്‌ ജീവൽപ്രശ്‌നങ്ങളെ. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ വഞ്ചിക്കുന്ന കേന്ദ്രനിലപാടിനെതിരെ ഇ‍ൗ ദിവസങ്ങളിലൊന്നും സഭയിൽ സംസാരിക്കാൻ യുഡിഎഫ്‌ തയ്യാറായില്ല. എന്നാൽ സർക്കാരിന്‌ ഒരു പങ്കും ഇല്ലെന്നറിഞ്ഞിട്ടും ശബരിമലയിലെ ദ്വാരകപാലക ശിൽപ്പപാളി വിഷയത്തിൽ അനാവശ്യ ബഹളമുണ്ടാക്കുകയാണ്‌ യുഡിഎഫ്‌ അംഗങ്ങൾ.


ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ സമർപ്പിച്ച 2221.03 കോടിയുടെ പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റിൽ (പിഡിഎൻഎ) 260.56 കോടി രൂപമാത്രമാണ്‌ കേന്ദ്രം നൽകാമെന്ന്‌ പറയുന്നത്‌. മറ്റൊരു സംസ്ഥാനത്തിനോടുമില്ലാത്ത അവഗണനയും വഞ്ചനയുമാണിത്‌. ദുരന്തമുണ്ടായി ഒരുവർഷം കഴിഞ്ഞാണ്‌ തുച്ഛമായ ഇ‍ൗ സഹായം എത്തുന്നത്‌. ദുരന്തഭൂമിയുൾപ്പെടുന്ന കൽപറ്റ മണ്ഡലത്തിലെ എംഎൽഎ കോൺഗ്രസിലെ ടി സിദ്ദിഖാണ്‌. ദുരന്തബാധിതരോട്‌ സഹാനുഭൂതിയുള്ള ജനപ്രതിനിധിയാണ്‌ എങ്കിൽ അദ്ദേഹം ഇ‍ൗ വിഷയം സബ്‌മിഷനായെങ്കിലും സഭയിൽ ഉന്നയിക്കുമായിരുന്നു.

ദുരന്തബാധിതർക്ക്‌ വിവിധ ബാങ്കുകളിലുള്ള കടം എഴുതിത്തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ്‌ ഇതിന്‌ കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്നുണ്ട്‌. കേരളത്തോടുള്ള കടുത്ത വിവേചനം കാരണം കേന്ദ്രസർക്കാർ ഇതിനു തയ്യാറായില്ല.


വായ്‌പ എഴുതിത്തള്ളാൻ വൈകുന്നതിൽ ഹൈക്കോടതി പലതവണ കേന്ദ്രസർക്കാരിനെ വിമർശിച്ചു. എന്നാൽ ഓരോ കാരണങ്ങൾ പറഞ്ഞ്‌ നീട്ടിക്കൊണ്ടുപോയ കേന്ദ്രസർക്കാർ ഇ‍ൗ വർഷം മാർച്ച്‌ 29ന്‌ ദുരന്തനിവരാണ നിയമത്തിലെ 13ാം വകുപ്പുതന്നെ ഒഴിവാക്കി. ബുധനാഴ്‌ചയും ഹൈക്കോടതി ഇ‍ൗ വിഷയത്തിൽ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. എന്നാൽ, യുഡിഎഫ്‌ എംഎൽഎമാർക്ക്‌ ദുരന്തബാധിതരുടേത്‌ ജനകീയ വിഷയമല്ല. അതിനാൽ കേന്ദ്രസർക്കാരിനെതിരെ അവർക്ക്‌ വിമർശനവുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home