ഐ സി ബാലകൃഷ്‌ണൻ എൻ ഡി അപ്പച്ചൻ 
 പോരിന്റെ ഇര ചതിച്ചത്‌ ഡിസിസി പ്രസിഡന്റിന്റെ അനുയായികൾ

സ്‌ഫോടകവസ്‌തുവും വ്യാജമദ്യവും വീട്ടിൽ കൊണ്ടിട്ടു ; ഗ്രൂപ്പ്‌ ചതിയിൽ കോൺഗ്രസ്‌ 
നേതാവ്‌ ജയിലിലായത്‌ 17 ദിവസം

udf group war wayanad

തങ്കച്ചൻ

വെബ് ഡെസ്ക്

Published on Sep 08, 2025, 02:44 AM | 1 min read


പുൽപ്പള്ളി

വീട്ടിലെ കാർ പോർച്ചിൽനിന്ന്‌ സ്‌ഫോടകവസ്‌തുവും കർണാടക മദ്യവും കണ്ടെത്തിയതിനെ തുടർന്ന്‌ കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ (54, അഗസ്റ്റിൻ) റിമാൻഡിലായ സംഭവം കോൺഗ്രസിലെ ഗ്രൂപ്പുപകയെന്ന്‌ പൊലീസ്‌ കണ്ടെത്തി. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അനുകൂലിക്കുന്ന ഇയാളെ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ വിഭാഗത്തിൽപ്പെട്ടവർ കേസിൽ കുടുക്കുകയായിരുന്നു. ഇതിനുവേണ്ടി കർണാടകയിലെ ബൈരക്കുപ്പയിൽനിന്ന്‌ മദ്യംവാങ്ങിയ മരക്കടവ് പുത്തൻവീട് പി എസ് പ്രസാദി (41)നെ അറസ്‌റ്റുചെയ്‌തു.


കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റിനാണ്‌ മദ്യം കൈമാറിയതെന്നും അഭിഭാഷകനായ ഡിസിസി ജനറൽ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്‌, കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗം എന്നിവരടങ്ങിയ സംഘമാണ്‌ ഗൂഢാലോചന നടത്തി മദ്യവും സ്‌ഫോടകവസ്‌തുവും കൊണ്ടുവച്ചതെന്നും പുൽപ്പള്ളി പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രസാദ്‌ മൊഴിനൽകി. പ്രസാദിന്റെ ഫോൺ രേഖ പരിശോധിച്ചതിൽനിന്ന്‌ ഇവരുടെപങ്കും വ്യക്തമായി.


നിരപരാധിയാണെന്ന്‌ പൊലീസ്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകിയതിനെത്തുടർന്ന്‌ തങ്കച്ചൻ ഞായർ ഉച്ചയോടെ ജയിൽമോചിതനായി.


ആഗസ്‌ത്‌ 22ന്‌ രാത്രിയിലാണ്‌ രഹസ്യവിവരത്തെത്തുടർന്ന്‌ പുൽപ്പള്ളി പൊലീസ്‌ തങ്കച്ചന്റെ മരക്കടവ് വരവൂരിലെ വീട്ടിൽനിന്ന്‌ 20 പാക്കറ്റ്‌ മദ്യവും 15 തോട്ടയും 10 ക്യാപ്പും കണ്ടെടുക്കുന്നത്‌. അറസ്റ്റിലായ തങ്കച്ചൻ അടുത്തദിവസം റിമാൻഡിലായി. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനടക്കമുള്ള നേതാക്കൻമാർ കേസിൽപ്പെടുത്തിയതാണെന്ന്‌ തൊട്ടടുത്തദിവസം ഭാര്യ സിനിയും മകൻ സ്റ്റീവ്‌ ജിയോയും മാധ്യമപ്രവർത്തകരോട്‌ വെളിപ്പെടുത്തി. കേസിൽ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട്‌ ജില്ലാ പൊലീസ്‌ മേധാവിക്കും ഡിവൈഎസ്‌പിക്കും പരാതിയും നൽകി. തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കേസിലെ ചതി വെളിച്ചത്തായത്‌.


മദ്യം വാങ്ങിയ ഗൂഗിൾ പേ വിവരം, സിസി ടിവി ദൃശ്യം, മൊബൈൽ ടവർ ലൊക്കേഷൻ തുടങ്ങിയവ ശേഖരിച്ചാണ്‌ പൊലീസ്‌ പ്രസാദിനെ അറസ്റ്റ്‌ ചെയ്‌തത്‌. മദ്യവും സ്‌ഫോടക വസ്‌തുക്കളും കൊണ്ടുവച്ചയാൾ ഉടൻ അറസ്റ്റിലാകുമെന്ന്‌ അന്വേഷണ സംഘം അറിയിച്ചു. ഗുഡാലോചന നടത്തിയ കോൺഗ്രസ്‌ നേതാക്കളടക്കമുള്ളവരും വരുംദിവസങ്ങളിൽ അറസ്റ്റിലാകും.



deshabhimani section

Related News

View More
0 comments
Sort by

Home