യുഡിഎഫിന്റെ ആ നാളുകൾ ഓർമയില്ലേ


Sajan Evugen
Published on Apr 22, 2025, 11:48 AM | 2 min read
തിരുവനന്തപുരം: ഒൻപത് വർഷമായി പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എൽഡിഎഫ് ഭരണത്തുടർച്ച നേടിയശേഷം രണ്ടാം സർക്കാരിന്റെ നാലാം വാർഷികാഘോഷം നടക്കുന്നു. വികസന– ക്ഷേമ മേഖലകളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വാർഷികാഘോഷം. ഇത് ചില മാധ്യമങ്ങളെ വിറളിപ്പിടിപ്പിച്ചിരിക്കുന്നു. അധാർമികമായ എന്തോ കാര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അനാവശ്യമായി പണം ചെലവഴിക്കുന്നുവെന്നും ആരോപിച്ച് ഇക്കൂട്ടർ രോഷം കൊള്ളുകയാണ്. യുഡിഎഫ് നേതാക്കളും പതിവുപോലെ മാധ്യമപ്രചാരണം ഏറ്റുപിടിച്ചിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനസർക്കാർ ആദ്യമായാണ് വാർഷികാഘോഷം നടത്തുന്നതെന്ന പച്ചക്കള്ളം പറയുന്നവരുമുണ്ട്. ഖജനാവിൽനിന്ന് പണം ചെലവഴിച്ചല്ല, ഭരണകക്ഷിയുടെ ചെലവിലാണ് വാർഷികാഘോഷം നടത്തേണ്ടതെന്ന വിവരക്കേടും ചിലർ എഴുന്നള്ളിക്കുന്നു. മോദിസർക്കാർ വാർഷികാഘോഷം നടത്തുമ്പോൾ യജമാനസേവ നടത്തിയവരും മിണ്ടാതിരുന്നവരും ഇപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ ഉറഞ്ഞുതുള്ളുന്നു.
പഴയകാലം ഓർക്കാൻ ഇക്കൂട്ടരെ ക്ഷണിക്കുകയാണ്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ച വർഷങ്ങൾ- പ്രതിച്ഛായ ചർച്ചകൾ, നേതൃമാറ്റ മുറവിളികൾ, തിരുത്തൽവാദം, സ്‌പീഡ് വിവാദം, അഞ്ചാം മന്ത്രിസ്ഥാന തർക്കങ്ങൾ, കുറുമുന്നണി, ഹരിത എംഎൽഎമാരുടെ പോർവിളി, ചീഫ് വിപ്പ് പദവിതർക്കം, സോളാർ, കോഴവിവാദങ്ങൾ, സർവരംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും, പവർകട്ടും ലോഡ്‌ഷെഡ്ഡിങ്ങും– എന്നിങ്ങനെ വാർഷികാഘോഷത്തെക്കുറിച്ച് ആലോചിക്കാൻപോലും സമയമില്ലാതിരുന്ന കാലം. 1991ൽ അധികാരത്തിൽവന്ന കെ കരുണാകരനെ തിരുത്തൽവാദികളും കപടആദർശവാദികളും ചേർന്ന് 1995ൽ ഇറക്കിവിട്ടു. മനോരമ അടക്കം മാധ്യമങ്ങളും എല്ലാ കളിയും കളിച്ചു. ഡൽഹിയിൽനിന്ന് എ കെ ആന്റണി പറന്നുവന്ന് മുഖ്യമന്ത്രിയായി. ആരോപണങ്ങളെതുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് തൊഴിൽരഹിതനായി ഇരിക്കുകയായിരുന്നു ആന്റണി.
പിന്നീട് 2001ൽ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽവന്ന എ കെ ആന്റണിക്ക് കോൺഗ്രസുകാരും ഘടകകക്ഷികളും സ്വൈരം നൽകിയില്ല. ഐസ്‌ക്രീം കേസിലും വെളിപ്പെടുത്തലുകളിലും യുഡിഎഫ് ആടിയുലഞ്ഞു. ആന്റണി ന്യൂനപക്ഷവിരുദ്ധപ്രസ്‌താവന വഴി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 2004ൽ രാജിവച്ച് ഒഴിയുകയും ഉമ്മൻചാണ്ടി അധികാരത്തിലേറുകയും ചെയ്‌തു. 2006ൽ യുഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. 2011ൽ കഷ്ടിച്ച് ഭൂരിപക്ഷത്തിൽ ഭരണത്തിൽവന്ന ഉമ്മൻചാണ്ടി സർക്കാരിന് അധികാരം നിലനിർത്തുക മാത്രമായിരുന്നു ലക്ഷ്യം. സോളാറും ബാർകോഴയും ഭൂമിദാനങ്ങളും കത്തിപ്പടർന്നു.
മന്ത്രിമാർ മത്സരിച്ച് നടത്തിയ അഴിമതി യുഡിഎഫിന്റെ തകർച്ചയ്‌ക്ക് വഴിയൊരുക്കി. ആ പതനത്തിൽനിന്ന് കരകയറാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങൾ എത്ര ശ്രമിച്ചാലും യുഡിഎഫിനെ രക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്. എൽഡിഎഫ് സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും വെപ്രാളം വരുന്നത് അതിനാൽ സ്വാഭാവികം. ഡിസിസി ഓഫീസ് ഉദ്‌ഘാടനചടങ്ങിൽപോലും ഫോട്ടോയിൽ കയറിക്കൂടാൻ തമ്മിൽതള്ളുന്നവരെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്നത് എങ്ങനെയാണെന്ന് ജനങ്ങളും ചോദിക്കുന്നു.









0 comments