യുഡിഎഫിന്റേത് നരവേട്ടക്കാലം ; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തത്‌ എൽഡിഎഫ്‌

udf clash and scams in kerala
വെബ് ഡെസ്ക്

Published on Sep 08, 2025, 02:41 AM | 2 min read


തിരുവനന്തപുരം

ലോക്കപ്പ് കൊലപാതകങ്ങളും മൂന്നാംമുറപോലുള്ള അതിക്രമങ്ങളും കൊണ്ട് യുഡിഎഫ് ഭരണകാലത്ത് രാക്ഷസീയ മുഖം കൈവരിച്ച പൊലീസിനെ ജനകീയമാക്കിയത് എൽഡിഎഫ് സർക്കാരെന്ന് കണക്കുകൾ തെളിയിക്കുന്നു. യുഡിഎഫ് ഭരണത്തിൽ 976 പൊലീസുകാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത്. ഇതിൽ മിക്കവരെയും സംരക്ഷിച്ച്‌ ശിക്ഷാനടപടി സസ്പെൻഷനിലൊതുക്കുകയായിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാർ വന്നശേഷം ക്രിമിനൽ കേസുകളിലുൾപ്പെട്ട 114 പൊലീസ്‌ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം മാത്രം കുറ്റക്കാരായ 323 പേരെ സസ്പെൻഡ് ചെയ്തു. 2016 മേയ് മുതല്‍ രജിസ്റ്റര്‍ ചെയ്ത 504 കേസുകളില്‍ പ്രതികളായ പൊലീസുകാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കർശന നടപടികളുടെ കൂടി ഭാഗമായാണ് കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലത്തിലും രാജ്യത്തെ ഏറ്റവും മികച്ച സേനയായി മാറിയത്.


കേരളം കണ്ട ഏറ്റവും വലിയ നരവേട്ടയായ മുത്തങ്ങ വെടിവയ്‌പ്പും കൂത്തൂപറമ്പ് വെടിവയ്പും മുതൽ ഇടുക്കി രാജാക്കാട് കോൺഗ്രസ് പ്രവർത്തകനെ മനുഷ്യവിസർജ്യം തീറ്റിച്ചതുവരെയുള്ള ഞെട്ടിക്കുന്ന ക്രൂരതകളെല്ലാം നടന്നത് യുഡിഎഫ് കാലത്താണ്. അന്ന് ഭരണത്തലപ്പത്തുള്ളവരുടെ കേസുകളുൾപ്പെടെ മിക്കതും അട്ടിമറിച്ചു. എല്‍ഡിഎഫ് സർക്കാർ സേനയെ സ്വതന്ത്രമാക്കി ശാസ്ത്രീയ അന്വേഷണത്തിന് സജ്ജമാക്കിയതോടെ അന്ന് മുക്കിയ കേസുകളുള്‍പ്പെടെ തെളിയിച്ചു. 2003 ഫെബ്രുവരി 19നായിരുന്നു‌ ജോഗി എന്ന ആദിവാസിയും ഒരു പൊലീസുകാരനും  കൊല്ലപ്പെട്ട  മുത്തങ്ങ വെടിവയ്‌പ്പ്‌‌. എ കെ ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍, മൂന്നു പതിറ്റാണ്ടിനിപ്പുറം തിരുവനന്തപുരത്തെ ഉദയകുമാര്‍, നെയ്യാറ്റിന്‍കരയിലെ ശ്രീജീവ് തുടങ്ങി യുഡിഎഫ് കാലത്തെ പൊലീസ് ഭീകരതയുടെ ഇരകളനവധി. കുറ്റം തടയാന്‍ ശ്രമിക്കാതിരിക്കുക മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കുക കൂടിയാണ് യുഡിഎഫ് ചെയ്തത്. രാജന്‍ കേസിലും ഉദയകുമാറിന്റെ കേസിലും പ്രതികളെ രക്ഷിക്കാനാണ്‌ ശ്രമിച്ചത്.


യുഡിഎഫ്‌ കാലത്ത്‌ സ്‌ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലായിരുന്നു. നിലമ്പൂരിലെ കോൺഗ്രസ്‌ ഓഫീസിൽ രാധ കൊല്ലപ്പെട്ടത്‌ ഉദാഹരണം. എന്നിട്ടും സ്വന്തം ജീർണത മറച്ചുവയ്ക്കാൻ യുഡിഎഫും ചില വലതുമാധ്യമങ്ങളും ചേർന്ന് കേരളത്തില്‍ പൊലീസ് ഭീകരതയെന്ന് മുറവിളികൂട്ടുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളും അതിലുള്ള അന്വേഷണവും നാണക്കേടായപ്പോൾ വിഷയം വഴിതിരിച്ചുവിടാനാണ്‌ കോൺഗ്രസിന്റെ ലക്ഷ്യം. എൽഡിഎഫ്‌ സര്‍ക്കാര്‍ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കി. ഇതിനുള്ള അംഗീകാരം നിരവധി തവണ ദേശീയതലത്തില്‍ ലഭിച്ചിട്ടുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home