നിലമ്പൂരിൽ കോൺഗ്രസിനെ സഹായിക്കാൻ ബിജെപി ; സീറ്റ് ബിഡിജെഎസിന് അടിച്ചേൽപ്പിക്കാൻ നീക്കം


വി എസ് വിഷ്‌ണുപ്രസാദ്
Published on May 28, 2025, 01:42 AM | 1 min read
പത്തനംതിട്ട
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കാനുള്ള നീക്കവുമായി ബിജെപി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ ബിജെപി, സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് അടിച്ചേൽപ്പിക്കാൻ ശ്രമം തുടങ്ങി.
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ബിജെപി കോർകമ്മിറ്റിയോഗത്തിൽ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അഭിപ്രായവ്യത്യാസത്തെത്തുടർന്ന് തീരുമാനം കേന്ദ്ര നേതൃത്വത്തിനുവിട്ടിരുന്നു.
സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിനോട് കേന്ദ്രനേതൃത്വം അനുഭാവം പ്രകടിപ്പിച്ചതായും ഘടകകക്ഷിയായ ബിഡിജെഎസിന് സീറ്റ് തിരിച്ചുനൽകി മത്സരരംഗത്തിറക്കാനുമായിരുന്നു നിർദേശം.
കോൺഗ്രസ്, യുഡിഎഫ് നേതൃത്വവുമായുള്ള ധാരണപ്രകാരമാണ് ബിജെപി മത്സരത്തിനിറങ്ങാത്തതെന്ന് ഒരുവിഭാഗം നേതാക്കൾ സംശയിക്കുന്നു. ‘മത്സരിക്കാനില്ല’ എന്ന ബിജെപിയുടെ നിലപാടിനെതിരേ കോൺഗ്രസ്, യുഡിഎഫ് നേതൃത്വം പ്രതികരിക്കാത്തത് ധാരണ ബലപ്പെടുത്തുന്നു.
ബിഡിജെഎസിന് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വിട്ടുനൽകുന്നതിലും ദുരൂഹതയുണ്ട്. 2016ൽ ബിഡിജെഎസിനെയാണ് നിലമ്പൂരിൽ മത്സരിപ്പിച്ചത്. 2021ൽ സീറ്റ് ബിജെപി തിരിച്ചെടുത്തു. അന്ന് 8,595 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ സ്ഥാനാർഥിയെ നിർത്താതെ, ഈ വോട്ട് യുഡിഎഫിന് നൽകാനാണ് നീക്കം.









0 comments