print edition വാഗ്ദാനങ്ങൾ നടപ്പാക്കാൻ പാടില്ലേ ? യുഡിഎഫിന് പിന്നാലെ ചില മാധ്യമങ്ങൾക്കും ആശങ്ക

തിരുവനന്തപുരം
ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സാധ്യതയെന്ന വാർത്തകേട്ട് വാളെടുത്ത യുഡിഎഫ് കൺവീനർക്കുപിന്നാലെ ചില യുഡിഎഫ് മാധ്യമങ്ങളും രംഗത്ത്. സർക്കാർ ഇതുവരെ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുകയോ പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല. എന്നാൽ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയാൽ എന്തോ കുഴപ്പമാണെന്നാണ് ചില മാധ്യമങ്ങൾ കരുതുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നടപ്പാക്കുകയും അവയുടെ പ്രോഗ്രസ് റിപ്പോർട്ട് എല്ലാ വർഷവും പ്രസിദ്ധീകരിക്കുകയും ചെയ്തത് പിണറായി സർക്കാരുകളാണ്. എന്നാൽ, ക്ഷേമ ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ച രാജ്യത്തെ ഏക പ്രതിപക്ഷവും കേരളത്തിലാണ്. പെൻഷൻ കൂട്ടുമെന്ന വാർത്തയോട് ‘ശുദ്ധ തോന്ന്യാസം’ എന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്.
നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി മാറുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലടക്കം നടപ്പാക്കുകയാണിത്. പഞ്ചായത്തുകൾ അതിദരിദ്രമുക്തമാക്കേണ്ട എന്ന് പറയുന്നതിന് തുല്യമാണ് കൺവീനറുടെ പ്രഖ്യാപനം. നിയമസഭയിലും പുറത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും കേരളത്തിലെ എല്ലാ പുതിയ വികസന പദ്ധതികളെയും എതിർത്തിരുന്നു. വിഴിഞ്ഞം തുറമുഖം, കെ ഫോൺ, ദേശീയ പാത, എ ഐ ക്യാമറ, വയനാട് തുരങ്ക പാത തുടങ്ങി നിരവധി ഉദാഹരണങ്ങൾ. ഇൗ പദ്ധതികൾക്കെല്ലാം സാന്പത്തിക അടിത്തറ നൽകിയ കിഫ്‌ബിക്കെതിരെ ഫലമുണ്ടായില്ലെങ്കിലും കോടതിയിലും പോയി.
കേന്ദ്ര ഉപരോധവും യുഡിഎഫ് പ്രതിഷേധവും മറികടന്നാണ് എൽഡിഎഫ് സർക്കാർ വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നത്. ഇനി നടപ്പാക്കുനുള്ളവയും സാന്പത്തിക പരിമിതിക്കുള്ളിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതൊന്നും വേണ്ടെന്ന യുഡിഎഫിന്റേയും ചില മാധ്യമങ്ങളുടേയും നിലപാട് കേരളത്തിലെ മാറ്റങ്ങളെ ഇവർ എത്രമാത്രം ഭയപ്പെടുന്നുവെന്നതിന് തെളിവാണ്.









0 comments