യുഎഇയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: യുഎഇയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര കോയിവിള സ്വദേശിനി അതുല്യഭവനത്തിൽ അതുല്യ ശേഖർ (30) ആണ് മരിച്ചത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടൽ മാറും മുൻപാണ് യുഎഇയിൽ നിന്നും മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നെന്നാണ് വിവരം.
സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുൻപ് പരാതി നൽകിയിട്ടുണ്ട്. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകൾ വൈഭവിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊന്ന് ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.









0 comments