കേന്ദ്ര നയങ്ങൾ സ്‌ത്രീ തൊഴിലാളി
ജീവിതം ദുരിതമാക്കി : യു വാസുകി

u vasuki
വെബ് ഡെസ്ക്

Published on May 10, 2025, 12:56 AM | 2 min read


ഏലംകുളം (മലപ്പുറം)

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ഇന്ത്യൻ തൊഴിലാളി സ്‌ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം യു വാസുകി പറഞ്ഞു. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ദേശീയ വനിതാ കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. ഇന്ത്യ–-അമേരിക്ക കരാർ ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കും. ഇന്ത്യൻ കാർഷിക വിപണി അമേരിക്കക്ക്‌ തുറന്നുകൊടുക്കണമെന്നാണ്‌ പ്രധാന വ്യവസ്ഥ. വലിയ തോതിൽ കാർഷിക സബ്‌സിഡി നൽകുന്ന രാജ്യമാണ്‌ അമേരിക്ക. കുറഞ്ഞ വിലയ്‌ക്ക്‌ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലിറക്കാൻ അവർക്ക്‌ കഴിയും. ഇന്ത്യൻ കർഷകന്‌ ആ മത്സരത്തിൽ പിടിച്ചുനിൽക്കാനാവില്ല. ഇന്ത്യയിൽ കാർഷിക മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. അവരുടെ ജീവിതമാണ്‌ പ്രതിസന്ധിയിലാവുക.


കേന്ദ്ര സർക്കാർ നടപ്പാക്കിയ നാല്‌ തൊഴിൽ കോഡുകൾ ഇന്ത്യൻ തൊഴിലാളികളുടെ അവസ്ഥ ദുസ്സഹമാക്കും. സംഘടിക്കാനും സമരംചെയ്യാനുമുള്ള അവകാശമാണ്‌ ഇല്ലാതാവുക. കുത്തകകൾക്കുവേണ്ടിയാണ്‌ ഈ നിയമം. മോദിയും അമിത്‌ഷായും സുന്ദരവാക്കുകൾ പറയുകയും തൊഴിലാളി ദ്രോഹ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു.

സ്‌ത്രീ തൊഴിലാളികൾ സവിശേഷമായ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്‌. തുല്യ ജോലിക്ക്‌ തുല്യ വേതനം ലഭിക്കുന്നില്ല. ജാതീയവും ലിംഗപരവുമായ വിവേചനം നേരിടുന്നു. കാർഷിക തൊഴിലാളികളിൽ ഭൂരിഭാഗവും പട്ടികജാതി/വർഗ സ്‌ത്രീകളാണ്‌.


ഇവർ കടുത്ത ജാതിവിവേചനം നേരിടുന്നു. പലർക്കും സ്വന്തമായി വീടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധികാരണം സ്‌ത്രീകൾ കൂട്ടായും ഒറ്റയ്‌ക്കും കുടിയേറ്റം ചെയ്യേണ്ടി വരുന്നു. ഇവരുടെ കുട്ടികൾ വലിയ സാമൂഹിക അരക്ഷിതാവസ്ഥ നേരിടുന്നു. ഇതിനുപുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർ രാഷ്‌ട്രീയത്തെ നേരിടേണ്ടിവരുന്നു. സംഘപരിവാറിന്റെ മനുവാദ സിദ്ധാന്തം സ്‌ത്രീവിരുദ്ധമാണ്‌.


അതിനെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി തകർത്ത കേന്ദ്ര സമീപനം ഗ്രാമീണ ഇന്ത്യയുടെ സ്ഥിതി ദയനീയമാക്കി. പദ്ധതി കാര്യക്ഷമമാക്കാൻ പാർലമെന്റ്‌ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനൊപ്പം സാമൂഹിക സുരക്ഷിതത്വത്തിനുവേണ്ടിയും കർഷക തൊഴിലാളികളും കർഷകരും ഇതര തൊഴിലാളികളും ചേർന്ന് ശക്തമായ പോരാട്ടങ്ങൾക്ക് വഴിതുറക്കണമെന്നും യു വാസുകി പറഞ്ഞു.


കർഷക തൊഴിലാളി യൂണിയൻ 
വനിതാ കൺവൻഷന് തുടക്കം

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രഥമ ദേശീയ വനിതാ കൺവൻഷന് പെരിന്തൽമണ്ണ ഏലംകുളത്ത്‌ ഉജ്വല തുടക്കം. കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ ജന്മനാട്ടിൽ ചേർന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന്‌ സ്‌ത്രീ പോരാളികൾ പങ്കാളികളായി. ഇ എം എസ്‌ അക്കാദമിയിൽ രണ്ടുദിവസമായി നടക്കുന്ന സമ്മേളനം കർഷക തൊഴിലാളികളും കൃഷി അനുബന്ധ തൊഴിൽമേഖലയും നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യും.

വെള്ളി രാവിലെ യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ദുർഗസ്വാമി പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ യു വാസുകി ഉദ്‌ഘാടനംചെയ്‌തു. എസ് പൂങ്കോതൈ അനുശോചനപ്രമേയം അവതരിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ സംസാരിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‌, ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ കോമളകുമാരി, സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ വി പി അനിൽ സ്വാഗതം പറഞ്ഞു. കെ കോമളകുമാരി, ബോണ്യ ടുഡു, ബി പത്മ, എസ് പൂങ്കോതൈ, സരിത ശർമ, ദുർഗ സ്വാമി, ജിഷ ശ്യാം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ശനിയാഴ്ച ദേശീയ സെമിനാറിൽ സാമ്പത്തിക ശാസ്‌ത്രജ്ഞ ഡോ. മധുര സ്വാമിനാഥൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത എന്നിവർ സംസാരിക്കും. കൺവൻഷന്‌ സമാപനം കുറിച്ച്‌ വൈകിട്ട് നാലിന് പെരിന്തൽമണ്ണയിൽ പൊതുസമ്മേളനം നടക്കും.





deshabhimani section

Related News

View More
0 comments
Sort by

Home