അനന്തുകൃഷ്‌ണന്റെ സ്വത്ത് കണ്ടുകെട്ടും
പാതിവില തട്ടിപ്പ് ; കോൺഗ്രസ് നേതാവിന്റെ വീട് ഇഡി സീൽ ചെയ്‌തു

ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തനിലയിൽ
ഇടുക്കി : പാതിവിലയ്‌ക്ക് സ്കൂട്ടറടക്കം വാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ ഒന്നാംമൈലിലെ വീട് ഇഡി സീൽചെയ്‌തു. വീട് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ കംപ്യൂട്ടർ പഠനകേന്ദ്രവും വാടകമുറികളുമുണ്ട്.
വ്യാഴം രാവിലെ ഇഡി അസി. ഡയറക്ടർ ശേഖർകുമാർ, അസി. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ബി വെങ്കിട ദേശിക്, ഡിഇഒ ലാനിയ, അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ഏറ്റെടുത്തത്. ഷീബ, ഭർത്താവ് പി എൻ സുരേഷ്, മകൾ ദേവേന്ദു എന്നിവർ ഒരു മാസംമുമ്പ് ദുബായിലുള്ള മകൾ അമലേന്ദുവിന്റെ അടുത്തേക്ക് പോയതായി വിവരം ലഭിച്ചു. 2015 മുതൽ 20 വരെ കുമളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഷീബ. മുഖ്യപ്രതി അനന്തുകൃഷ്‌ണനൊപ്പം തൊടുപുഴ കോളപ്രയിൽ സീഡ് എന്ന എൻജിഒ രൂപീകരിച്ചാണ് തട്ടിപ്പ് തുടങ്ങിയത്.
സർദാർ പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് റീസർച്ച് ഡെവലപ്മെന്റ് സൊസൈറ്റി (എസ്‌പിഐഎആർഡിഎസ്) ചെയർപേഴ്‌സണുമാണ് ഷീബ. കുടുംബശ്രീ സിഡിഎസ് ഭാരവാഹികളെയും ജനപ്രതിനിധികളെയും ഇവർ തട്ടിപ്പിൽ കുടുക്കി.
അനന്തുകൃഷ്‌ണന്റെ സ്വത്ത് കണ്ടുകെട്ടും
സ്‌ത്രീകൾക്ക് പകുതി വിലയ്‌ക്ക് ഇരുചക്രവാഹനമടക്കം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്‌ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്. തൊടുപുഴ കുടയത്തൂരിൽ അനന്തുകൃഷ്‌ണൻ വാങ്ങിയ ഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷകസംഘം റിപ്പോർട്ട് നൽകി. കുടയത്തൂരിൽ അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടുകോടിയിലേറെ മുടക്കിയാണിത്. മൂന്നുപേരുടെ പേരിലാണിതെന്നും സൂചനയുണ്ട്.
തട്ടിപ്പിൽ സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത കേസിന്റെ എണ്ണം ആയിരത്തോളമായി. അനന്തുകൃഷ്‌ണനെ അന്വേഷകസംഘം ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണവും പുരോഗമിക്കുന്നു.
സായിഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകുമാർ, കെപിസിസി മുൻ ജനറൽ സെക്രട്ടറി ലാലി വിൻസെന്റ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണൻ എന്നിവരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ആനന്ദകുമാറിന്റെയും ലാലി വിൻസെന്റിന്റെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
0 comments