പിന്നിൽ യുഡിഎഫ് , ബിജെപി നേതാക്കൾ , ലാലി വിൻസെന്റിന് 46 ലക്ഷം നൽകി , കുഴൽനാടനുമായും ബന്ധം , ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഡീനിന് 30 ലക്ഷം, ഫ്രാൻസിസ് ജോർജിന് 10; പ്രതി അനന്തു കൃഷ്‌ണൻ മൊഴി നൽകി

കൊച്ചി : പകുതി വിലയ്‌ക്ക് ഇരുചക്രവാഹനമടക്കം വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ കേസിൽ അന്വേഷണം കൂടുതൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കളിലേക്ക്. എംപിമാരായ ഡീൻ കുര്യാക്കോസ്, കെ ഫ്രാൻസിസ് ജോർജ്, എന്നിവർ മുഖ്യപ്രതി അനന്തു കൃഷ്‌ണനിൽനിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയതായി മൊഴി. ചോദ്യംചെയ്യലിലാണ് പണം നൽകിയ വിവരം അനന്തു കൃഷ്‌ണൻ വെളിപ്പെടുത്തിയത്.
ഡീൻ കുര്യാക്കോസിന് 30 ലക്ഷം രൂപയാണ് നൽകിയത്. 15 ലക്ഷം പണമായും ബാക്കി അക്കൗണ്ടിലേക്കുമാണ് നൽകിയത്. കെ ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ പണമായി നൽകി.
മാത്യു കുഴൽനാടനുമായും ഇയാൾക്ക് ബന്ധമുള്ളതായി വിവരമുണ്ട്. അനന്തു കൃഷ്‌ണൻ കോ–- ഓർഡിനേറ്ററായ നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ 2024 ജൂൺ 18ന് മൂവാറ്റുപുഴയിൽ നടത്തിയ ഗുണഭോക്തൃസംഗമം ഉദ്‌ഘാടനം ചെയ്‌തത് കുഴൽനാടനാണ്. അതിന്റെ ചിത്രങ്ങൾ തട്ടിപ്പുകമ്പനിയുടെ വെബ്‌സൈറ്റിൽ നൽകിയിരുന്നു. കുഴൽനാടന് പണം നൽകിയിട്ടില്ലെന്ന് തിങ്കളാഴ്‌ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയപ്പോൾ അനന്തു കൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അന്വേഷകസംഘം കൂടുതൽ പരിശോധനകളി ലാണ്.
കെപിസിസി മുൻ ജനറൽ സെക്രട്ടറി ലാലി വിൻസെന്റിന് അനന്തു കൃഷ്‌ണൻ 46 ലക്ഷം രൂപ നൽകിയ വിവരം നേരത്തേ പുറത്തുവന്നിരുന്നു. പദ്ധതിയുടെ തുടക്കംമുതൽ ഇയാളുമായി സഹകരിച്ച ബിജെപി നേതാക്കളുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. നേതാക്കൾക്കുപുറമെ ബിജെപി ബന്ധമുള്ള സംഘടനകളും സഹകരണ ബാങ്കുകളുമെല്ലാം തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ട്.
അനന്തു കൃഷ്‌ണൻ റിമാൻഡിൽ
അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ അനന്തു കൃഷ്‌ണനെ വീണ്ടും റിമാൻഡ് ചെയ്‌തു. ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ഇയാൾ കോടതിയോട് ആവശ്യപ്പെട്ടു. ജാമ്യഹർജി ചൊവ്വാഴ്‌ച പരിഗണിക്കും.
അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം
പകുതിവില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എസ്‌പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ക്രൈം ബ്രാഞ്ച് യൂണിറ്റ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സെൻട്രൽ യൂണിറ്റ്, സൈബർ ഡിവിഷൻ എന്നിവയിലെ 72 ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണത്തിന് അംഗങ്ങളെ പ്രത്യേകം ചുമതലപ്പെടുത്തി. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കണം.
ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
നിലവിൽ കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷുകളിൽ രജിസ്റ്റർ ചെയ്‌ത 34 കേസുകളാണ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഇതുമാത്രം 37 കോടിയുടേതുവരും. കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ രണ്ടായിരത്തിലേറെ പേരുടെ പരാതിയുണ്ട്. ഇവ പലതും ഒറ്റ പരാതിയായാണ് രജിസ്റ്റർ ചെയ്‌തത്. വരുന്ന പരാതികൾ രജിസ്റ്റർ ചെയ്‌ത് ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് പൊലീസിനുള്ള നിർദേശം.









0 comments