അനന്തുകൃഷ്‌ണനായി ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും

കൊച്ചി : പാതിവിലത്തട്ടിപ്പുകേസിൽ അനന്തുകൃഷ്‌ണനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്. തിങ്കളാഴ്‌ച കസ്‌റ്റഡി അപേക്ഷ നൽകും. ഇയാളെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരം പുറത്തുവരും. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം, തട്ടിപ്പിൽ ഇവരുടെ പങ്കാളിത്തം എന്നിവയിൽ കൂടുതൽ വ്യക്തത വരും.
ഇതിനകം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും സാമ്പത്തിക ഇടപാടിന്റെ രേഖകളും ലഭിച്ചിരുന്നു. ഇത് മുൻനിർത്തിയാകും ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യൽ. അനന്തുകൃഷ്‌ണനെ കസ്‌റ്റഡിയിൽ ലഭിച്ചശേഷമാകും ആനന്ദകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യുക.
എ എൻ രാധാകൃഷ്‌ണനെയും ലാലി വിൻസെന്റ് ഉൾപ്പെടെയുള്ള നേതാക്കളെയും തട്ടിപ്പിൽ ഉൾപ്പെട്ട ഉന്നതരെയും രക്ഷിക്കാനുള്ള നീക്കമാണ് അനന്തുകൃഷ്‌ണൻ നടത്തുന്നതെന്ന് അന്വേഷകസംഘത്തിന് വ്യക്തമായിട്ടുണ്ട്. മുൻകൂട്ടി തീരുമാനിച്ചപ്രകാരമാണ് അനന്തുകൃഷ്‌ണന്റെ നീക്കങ്ങൾ. പിടിക്കപ്പെട്ടാൽ ബിജെപി–-കോൺഗ്രസ് നേതാക്കളുടെ പങ്കാളിത്തം വെളിപ്പെടുത്തില്ലെന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്കുമുന്നിൽ എത്തിയപ്പോൾ ഇക്കാര്യം ശരിവയ്‌ക്കുന്ന പ്രതികരണമാണ് അനന്തുകൃഷ്‌ണനിൽനിന്നുണ്ടായത്.
നിലവിൽ പൊലീസ് കണ്ടെത്തിയതിനേക്കാൾ കൂടുതൽപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കൂടുതൽ സംഘടനകളും വ്യക്തികളും പിന്നിലുണ്ട്. ഇവരെയെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അനന്തുവിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും വിവരശേഖരണം പുരോഗമിക്കുകയാണ്. പരാതിക്കാരുടെയും മൊഴിയെടുക്കും. വിവിധ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത പരാതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുന്നുണ്ട്. മൂവാറ്റുപുഴ പൊലീസ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡിൽ കഴിയുന്ന അനന്തുകൃഷ്‌ണന്റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.
0 comments