വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

പള്ളിക്കര: എറണാകുളത്ത് വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ അമ്പലമേട് പൊലീസ് കേസെടുത്തു. പെരിങ്ങാലയിൽ അസം സ്വദേശി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികളാണ് മരിച്ചത്. ചൊവ്വ പകൽ മൂന്നിന് പോത്തനാംപറമ്പിലെ വാടകവീട്ടിലാണ് ഇരട്ടകളായ ആൺ-പെൺ കുട്ടികൾ ജനിച്ചത്.
സംഭവമറിഞ്ഞ് ആശാവർക്കർ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.30ന് മരിച്ചു.
അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ ചികിത്സയിലാണ്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കായി രണ്ടു ദിവസംമുമ്പാണ് കുടുംബം കണ്ണൂരിൽനിന്ന് പെരിങ്ങാലയിൽ എത്തിയത്. അസം സ്വദേശി കണ്ണൂരിൽ ചികിത്സ തേടിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു.









0 comments