തട്ടിപ്പ് നടത്താൻ ട്രസ്റ്റ് രൂപീകരിച്ചു; അനന്തുകൃഷ്ണനെതിരെ വിവിധ ജില്ലകളിൽ പരാതിപ്രളയം

തിരുവനന്തപുരം: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അനന്തുകൃഷ്ണൻ നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിങ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചതായി കണ്ടെത്തി. ട്രസ്റ്റിലെ അഞ്ച് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ആക്ടിങ് ചെയർപേഴ്സൺ ബീനാ സെബാസ്റ്റ്യൻ, ട്രസ്റ്റ് അംഗങ്ങളായ അനന്തുകൃഷണൻ, ഷീബാ സുരേഷ്, ആനന്ദ് കുമാർ, ജയകുമാരൻ നായർ എന്നിവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. സംസ്ഥാനത്തുടനീളം ട്രസ്റ്റിന് കീഴിൽ 2500 എൻജിഒകൾ രൂപീകരിച്ചതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു അക്കൗണ്ടിൽ മാത്രം 400കോടി രൂപ വന്നതായും കണ്ടെത്തിയിരുന്നു.
തട്ടിപ്പ് സംബന്ധിച്ച് കൊല്ലത്ത് അമ്പതോളം പരാതികൾ ലഭിച്ചതായാണ് വിവരം. സംസ്ഥാന ഇന്റലിജൻസിന്റെ നിർദേശപ്രകാരം ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഏജന്റുമാർ വഴി അനന്തുകൃഷ്ണൻ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. സ്കൂട്ടർ പകുതി വിലയ്ക്ക് നൽകാമെന്നും ഗൃഹോപകരണങ്ങൾ 25% വിലക്കുറവിൽ നൽകാം എന്നു പറഞ്ഞാണ് ഇവിടെയും തട്ടിപ്പ് നടത്തിയിട്ടുള്ളത്.
തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി കോൺഗ്രസ് നഗരസഭാ കൗൺസിലർ മുഷറ ബഷീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ താനും തട്ടിപ്പിന് ഇരയായെന്നാണ് മുഷറ പറയുന്നത്. 48 പേർ സ്കൂട്ടർ ലഭിക്കാനായി പണം അടച്ചിരുന്നെന്നും ഇവർക്കാർക്കും സ്കൂട്ടർ ലഭിച്ചിട്ടില്ലെന്നും മുഷറ പറഞ്ഞു. വടക്കാഞ്ചേരിയിൽ മാത്രം നടന്നത് 35 ലക്ഷം രൂപയുടെ തട്ടിപ്പാണ്. തൃശൂർ ജില്ലയിൽ അന്തിക്കാട് സ്റ്റേഷനിലെത്തി ഏഴ് പേർ പരാതി നൽകിയിരുന്നു. ഇതിൽ നാല് പേർ സ്കൂട്ടർ വാങ്ങാനും മൂന്ന് പേർ ഗൃഹോപകരണങ്ങൾ വാങ്ങാനുമാണ് പണം നൽകിയത്.
കണ്ണൂരിലെ 11 പൊലീസ് സ്റ്റേഷനുകളിലായി 2500 പേരാണ് പരാതിയുമായി എത്തിയത്. ഇവിടെ പതിനഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്ക്. സൗത്ത് ബസാറിലെ ഓഫീസ് കേന്ദ്രീകരിച്ച് 498 പേർക്ക് പണം നഷ്ടമായതായാണ് പരാതി. കണ്ണൂർ ടൗൺ, വളപട്ടണം, ചക്കരക്കൽ, മയ്യിൽ, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പ് വ്യാപകമായി നടന്നത്. കണ്ണൂരിൽ ആദ്യ ഘട്ടത്തിൽ ഗൃഹോപകരണങ്ങൾ വിലക്കുറവിൽ നൽകും എന്ന പേരിലാണ് തട്ടിപ്പ് തുടങ്ങുന്നത്. പിന്നീട് 60,000 രൂപയ്ക്ക് സ്കൂട്ടർ എന്ന പേരിലും തട്ടിപ്പ് നടന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർഥിയുടെ സഹായിയായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് ആളുകളുമായി പരിചയം സ്ഥാപിച്ച അനന്തകൃഷ്ണൻ പാലായിലും നിരവധി ആളുകളിൽ നിന്നുമായി തട്ടിയത് കോടികളാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി നേതാവ് പ്രൊഫ. ജെ പ്രമീള ദേവിയുടെ സഹയാത്രികനായി ഇയാൾ രണ്ടാഴ്ചയോളം മണ്ഡലത്തിൽ ചുറ്റി സഞ്ചരിച്ചിരുന്നു. എന്നാൽ ഇയാൾക്ക് പ്രത്യേക തെരഞ്ഞെടുപ്പ് ചുമതലകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ അധ്യാപികയും ജീവനക്കാരും ഉൾപ്പെടെ നിരവധി സ്ത്രീകളിൽനിന്ന് വാഹനം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്ത്. 60,000 രൂപ വീതമാണ് അനന്തു കൃഷ്ണൻ കൈക്കലാക്കിയത്. അന്തീനാട് ഭാഗത്ത് ഇരുപതിലേറെ പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായി. 2024 ജൂലൈ 19ന് ഈരാറ്റുപേട്ടയിൽ യോഗം വിളിച്ച് ചേർത്താണ് ഇയാൾ ഇരകളെ തട്ടിപ്പിന് ഇരയാക്കിയത്. നിരവധി ബിജെപി, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഈരാറ്റുപേട്ടയിലെ യോഗത്തിൽ ഇയാൾക്കൊപ്പം പങ്കെടുത്തിരുന്നതായും തട്ടിപ്പിന് ഇരയായവർ പറയുന്നു.









0 comments