യുഎസ് പ്രതികാരച്ചുങ്കം ; സമുദ്രോൽപ്പന്ന കയറ്റുമതി സ്തംഭിച്ചു

കൊച്ചി
യുഎസ് പ്രതികാരച്ചുങ്കം പ്രാബല്യത്തിലായതോടെ കേരളത്തിന്റെ സമുദ്രോൽപ്പന്ന കയറ്റുമതി മേഖല സ്തംഭിച്ചു. നിലവിൽ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ ഇറക്കുമതിക്കാര്‍ ആവശ്യപ്പെട്ടെന്ന് സമുദ്രോൽപ്പന്ന കയറ്റുമതി അസോസിയേഷന്‍ പറയുന്നു. ഏകദേശം 63,000 കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അതില്‍ 21,000 കോടിയുടേത് അമേരിക്കയിലേക്കാണ്. ചെമ്മീന്‍, കൂന്തല്‍, കണവ തുടങ്ങിയ വിവിധയിനം ഉൽപ്പന്നങ്ങളാണ് കേരളം അമേരിക്കയിലേക്ക് അയക്കുന്നത്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോൽപ്പന്ന സംസ്കരണ യൂണിറ്റുകളുള്ള കേരളം വന്‍ തൊഴില്‍നഷ്ടം എന്ന വെല്ലുവിളികൂടിയാണ് ഇതിലൂടെ നേരിടുക. 20 ലക്ഷംപേർ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.
അമേരിക്കയ്ക്കുപകരം മറ്റ് വിപണികള്‍ നോക്കുകയാണ് ഏക ബദൽ. എന്നാല്‍, വില കിട്ടണമെന്നില്ല. ജീവനക്കാരുടെ ശമ്പളം, ഓണക്കാല ബോണസ്, ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള വൈദ്യുതിച്ചെലവ്, കയറ്റുമതി ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ എടുത്ത ബാങ്ക് വായ്പകളുടെ പലിശ തുടങ്ങിയ നിരവധി വെല്ലുവിളിയാണ് കയറ്റുമതിക്കാര്‍ക്ക് മുന്നിലുള്ളത്.
കേന്ദ്രസഹായമില്ലാതെ പിടിച്ചുനില്‍ക്കാനാകില്ല
ലക്ഷക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കുന്ന പ്രതിസന്ധിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായം കിട്ടിയാലേ പിടിച്ചുനിൽക്കാനാകൂ. പ്രതിസന്ധി തരണംചെയ്യാന്‍ ഈ മേഖലയ്ക്ക് പണം എത്തണം. അതിന് നിലവിലുള്ള പ്രവര്‍ത്തനമൂലധനത്തിന്റെ 30 ശതമാനം അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉദാരസമീപനം പുലര്‍ത്താന്‍ സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെടണം.
അലക്സ് കെ നൈനാന്‍,
(വൈസ് പ്രസിഡന്റ്, സീഫുഡ് എക്സ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ)
സുഗന്ധവ്യഞ്ജനം വാങ്ങാതെ ഇറക്കുമതിക്കാർ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച 50 ശതമാനം അധികചുങ്കം ഈടാക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതിമേഖല വന്‍ പ്രതിസന്ധിയിലായി. ഏകദേശം 40,000 കോടി രൂപയുടെ 18 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യയില്‍നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 30 ശതമാനം (ഏകദേശം 12,000 കോടി) കേരളത്തില്‍നിന്നാണ്. രാജ്യത്തെ സുഗന്ധവ്യഞ്ജന സത്തുനിര്‍മാണ കമ്പനികൾ ഭൂരിഭാഗവും കേരളത്തിലാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 600 കോടി രൂപയുടെ സത്ത് സംസ്ഥാനത്തുനിന്ന് അമേരിക്കന്‍ വിപണിയിലെത്തി. ഏലം, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ഇഞ്ചി, മഞ്ഞൾ എന്നിവയും കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയ്ക്കെല്ലാം 50 ശതമാനം ചുങ്കമായതോടെ അമേരിക്കന്‍ ഇറക്കുമതിക്കാര്‍ക്ക് ചെലവ് ഗണ്യമായി വര്‍ധിച്ചു. ഇത് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ആവശ്യകതയില്‍ വന്‍ കുറവ് വരുത്തും. ഇറക്കുമതിക്കാര്‍ കുറഞ്ഞവിലയില്‍ ലഭിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് തിരിയും. വിയറ്റ്‌നാമിന് 20 ശതമാനവും ഇന്തോനേഷ്യക്ക് 19 ശതമാനവും ചൈനയ്ക്ക് 30 ശതമാനവുമാണ് ട്രംപ് ചുങ്കം ചുമത്തിയിരിക്കുന്നത്. പ്രതികാരച്ചുങ്കത്തിന്റെ ആഘാതം മറികടക്കാന്‍ പല ഇന്ത്യൻ കമ്പനികളും ഉൽപ്പാദനം ഈ രാജ്യങ്ങളിലേക്ക് മാറ്റാൻ ഇടയാക്കും. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ സുഗന്ധവ്യഞ്ജന കര്‍ഷകർ കൂടുതൽ പ്രതിസന്ധിയിലാകും.
മൂന്നുമാസം നിര്‍ണായകം
പ്രതികാരചുങ്കം സുഗന്ധവ്യഞ്ജന കയറ്റുതി വന്‍തോതില്‍ കുറയാനിടയാക്കി. ഇറക്കുമതിക്കാര്‍ മറ്റെവിടെയും കിട്ടാത്തവമാത്രം ഇന്ത്യയില്‍നിന്ന് വാങ്ങും. മറ്റുള്ളവ വേറെ രാജ്യത്തേക്ക് തിരിയും. ഇപ്പോള്‍ കുരുമുളക്, ഏലം പോലുള്ള പല ഇനങ്ങളുടെയും കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ പല ഇറക്കുമതിക്കാരും പറഞ്ഞുകഴിഞ്ഞു. താരിഫ് ഭീഷണി തുടങ്ങിയപ്പോള്‍ത്തന്നെ കൂടുതല്‍ ഇറക്കുമതിചെയ്ത് സംഭരിച്ചവരുണ്ട്. അതിനാല്‍ അടുത്ത മൂന്നുമാസത്തേക്ക് ഓര്‍ഡര്‍ വലിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്.
ഇമാനുവല്‍ നമ്പുശേരില്‍,
(എകെ നാച്വറല്‍ ഇന്‍ഗ്രിഡിയന്റ്സ് ഡയറക്ടര്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍, ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്‌സ് ഫോറം ചെയര്‍മാന്‍)









0 comments