കശുവണ്ടിക്ക് കഷ്ടകാലം

എം അനിൽ
Published on Aug 08, 2025, 06:45 AM | 1 min read
കൊല്ലം: ട്രംപിന്റെ പ്രതികാരച്ചുങ്കം കേരളത്തിലെ കശുവണ്ടി വ്യവസായത്തിനും തിരിച്ചടി. ‘പ്രത്യക്ഷത്തിലുള്ളതിനേക്കാൾ ഇരട്ടിയാണ് കശുവണ്ടി വ്യവസായത്തിനുണ്ടാകുന്ന പരോക്ഷമായ തിരിച്ചടി’യെന്ന സിഇപിസിഐ വൈസ് ചെയർമാൻ ആർ കെ ഭൂതേഷ് പറഞ്ഞു. ഇന്ത്യയിൽനിന്നും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്ന കശുവണ്ടിപ്പരിപ്പിന്റെ മൂന്നുശതമാനമാണ് നിലവിൽ അമേരിക്കൻ വിപണിയിൽ എത്തുന്നത്. വിയറ്റ്നാമിന്റെ കശുവണ്ടിപ്പരിപ്പാണ് അമേരിക്കൻ മാർക്കറ്റുകളിൽ കൂടുതലും.
എന്നാൽ, വിയത്‌നാം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും തീരുവ അമേരിക്ക ഇരുപതു ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം വിയറ്റ്നാം ഇന്ത്യയിലെയും ഗൾഫ് രാഷ്ട്രങ്ങളിലെയും മാർക്കറ്റുകളെ കൂടുതൽ ആശ്രയിക്കും. ഇത് കേരളത്തിലെ ഉൾപ്പെടെ കശുവണ്ടി വ്യവസായത്തെ ബാധിക്കും. ഇന്ത്യ കശുവണ്ടിപ്പരിപ്പ് കൂടുതലായി കയറ്റിയയക്കുന്നത് ഗൾഫ് മാർക്കറ്റിലേക്കാണ്. വിലക്കുറവിൽ ഇതെത്തിയാൽ ഇന്ത്യയിലെ കശുവണ്ടി വ്യവസായത്തെ ബാധിക്കും. യന്ത്രവൽക്കരണമുള്ള രാജ്യങ്ങളിൽ കശുവണ്ടിപ്പരിപ്പ് ഉൽപ്പാദനത്തിന് ചെലവുകുറവാണ്. എന്നാൽ, തൊഴിലാളികൾ കൈകൊണ്ട് തല്ലിയെടുക്കുന്നതിന്റെ ഗുണമേന്മയാണ് ഇന്ത്യൻ പരിപ്പിനുള്ളത്.
വ്യവസായത്തെ ബാധിക്കും
ഇറക്കുമതി തീരുവ അമേരിക്ക 50 ശതമാനമാക്കിയത് കശുവണ്ടി വ്യവസായത്തെ ബാധിക്കും. അമേരിക്കയിലേക്ക് നിലവിൽ പരിപ്പു കയറ്റുമതി ഇപ്പോൾ കുറവാണ്. തീരുവ വർധിപ്പിച്ചതോടെ കശുവണ്ടിപ്പരിപ്പിന്റെ കയറ്റുമതി ഏതാണ്ട് പൂർണമായും ഇല്ലാതാവും. (പി സുന്ദരൻ, ചെയർമാൻ, സിഇപിസിഐ)









0 comments