സ്ലീപ്പർ ബസിന്‌ മാർക്കിട്ട്‌ സാമുവൽ

transpo 2025

ലിങ്ക് ബസിന്റെ സെൽഫി പോയിന്റിൽ സ്റ്റിയറിങ് തൊട്ടറിയാൻ സാമുവൽ പ്രസാദിനെ സഹോദരൻ 
ഡാനിയൽ പ്രസാദ് സഹായിക്കുന്നു. ഇരട്ട സഹോദരൻ ഇമ്മാനുവൽ സമീപം

വെബ് ഡെസ്ക്

Published on Aug 24, 2025, 01:29 AM | 2 min read

തിരുവനന്തപുരം: എസി സ്ലീപ്പർ ബസ്‌ അടിപൊളിയാണ്‌. സാമുവലിന്‌ ഏറെ ഇഷ്ടപ്പെട്ടു. 100 ശതമാനം കാഴ്‌ച പരിമിതിയുള്ള എട്ടു വയസ്സുകാരൻ നടക്കാൻ പരിശീലിക്കുന്നതേയുള്ളൂ. അമ്മ ദീപ്‌തിക്കും അച്ഛൻ ഡൊമനിക്‌ പ്രസാദിനും ഒപ്പമാണ്‌ ശനിയാഴ്‌ച കനകക്കുന്നിലെ ‘ട്രാൻസ്‌പോ’ എക്‌സ്‌പോയിൽ എത്തിയത്‌. കെഎസ്‌ആർടിസിയുടെ പുതിയ ബസുകളിലെല്ലാം കയറാൻ ചേട്ടൻ ഡാനിയലും ഇരട്ടസഹോദരനായ ഇമ്മാനുവലുമുണ്ടായിരുന്നു. കിടന്നു യാത്രചെയ്യാനാകുന്ന സ്ലീപ്പർ ബസാണ്‌ അവന്‌ വലിയ ഇഷ്ടമായത്‌.


എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥികൾ നിർമിച്ച വാഹനങ്ങളിലും ആഡംബര കാറുകളിലും ലിങ്ക്‌ ബസിന്റെ സെൽഫി പോയിന്റിലും സാമുവലിനെ ഇരുത്തി. ലിങ്ക്‌ ബസിന്റെ സ്‌റ്റിയറിങ്‌ തൊട്ടറിഞ്ഞു. കാഴ്‌ചകൾ ഇമ്മാനുവലും ഡാനിയലും വിശദീകരിച്ചു കൊടുത്തു. ആഹ്ലാദത്തോടെയാണ്‌ അവൻ മുടവൻമുഗളിലെ വീട്ടിലേക്ക്‌ മടങ്ങിയത്‌. വഴുതക്കാട്‌ അന്ധവിദ്യാലയത്തിലെ മൂന്നാംക്ലാസ്‌ വിദ്യാർഥിയാണ്‌. മാസംതികയുന്നതിന്‌ മുമ്പ്‌ പ്രസവിച്ചതിനെ തുടർന്ന്‌ ഏറെക്കാലം ആശുപത്രിയിലായിരുന്നു. കൈയ്‌ക്ക്‌ അടുത്തിടെയാണ്‌ സ്വാധീനം ലഭിച്ചത്‌. കാലിന്‌ ഫിസിയോതെറാപ്പി ചെയ്‌തുവരികയാണ്‌.


ഇമ്മാനുവലിന്‌ ഒരു കണ്ണിന്‌ മാത്രമാണ്‌ കാഴ്‌ച. പൂജപ്പുര ഗവ. യുപി സ്‌കൂളിൽ ഡാനിയൽ ഏഴാം ക്ലാസിലും ഇമ്മാനുവൽ മൂന്നാംക്ലാസിലുമാണ്‌. ദീപ്‌തി അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂളിലെ അധ്യാപികയാണ്‌. ഡൊമനിക്‌ പ്രസാദ്‌ തമിഴ്‌ സ്‌കൂളിലെ ലാബ്‌ ജീവനക്കാരനാണ്‌.


ട്രാൻസ്പോ 2025 പ്രദർശനത്തിന്‌ ഇന്ന്‌ സമാപനം


വാഹനലോകത്തെ വൈവിധ്യ കാഴ്‌ചകൾ സമ്മാനിച്ച്‌ ഗതാഗതവകുപ്പിന്റെ ട്രാൻസ്പോ ഞായറാഴ്‌ച സമാപിക്കും. ആയിരക്കണക്കിന്‌ ആളുകളാണ്‌ പ്രദർശനം കാണാൻ എത്തിയത്‌. കലാപരിപാടികളും ജനശ്രദ്ധ ആകർഷിക്കുന്നു. ശനിയാഴ്‌ച നടന്ന ‘ആനവണ്ടി ഒരു സംവാദം’ കെഎസ്‌ആർടിസിയുടെ തുടർയാത്രകൾക്ക്‌ ശക്തി പകരുന്നതായി.


ഓരോ പ്രദേശത്തെയും യാത്രാ പ്രശ്നങ്ങള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരം കെഎസ്ആര്‍ടിസി മാനേജ്മെന്റ് കാണണമെന്ന്‌ ആനവണ്ടി പ്രേമികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയും മോട്ടോർ വാഹന വകുപ്പുംചേർന്ന്‌ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ആവശ്യം. പുറത്തിറക്കിയ ഇലക്ട്രിക് ബസുകള്‍ ജനസാന്ദ്രതയുള്ള ഇടറോഡുകളിലേക്ക്‌ സർവീസ്‌ നീട്ടണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. എക്സിക്യൂട്ടീവ് ക്ലാസ് സൗകര്യങ്ങള്‍ ബസുകളില്‍ ലഭ്യമാക്കുമെന്ന്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. റോഡുപണി പൂര്‍ത്തിയായാല്‍ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിക്കും. വീതി കൂടിയ ബസുകള്‍ വാങ്ങുന്നതും ആലോചിക്കുന്നു. അത്തരത്തില്‍ ലോക്കല്‍ ബസുകളുടെ വീതി കൂട്ടിയാല്‍ യാത്രക്കാരുടെ എണ്ണം കൂട്ടാമെന്നും മന്ത്രി പറഞ്ഞു.


രാജ്യത്തെ പൊതുഗതാഗതത്തില്‍ ഒന്നുപോലും ലാഭത്തിലല്ലെന്ന് കെഎസ് ആര്‍ടിസി സിഎംഡി പി എസ് പ്രമോജ് ശങ്കര്‍ വ്യക്തമാക്കി. നഷ്ടം കുറച്ച് സ്വയംപര്യാപ്തമായി നില്‍ക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിമാനത്തിന്റെ വണ്ടിയായാണ് കെഎസ്ആര്‍ടിസിയെ കാണുന്നതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക പ്രവര്‍ത്തനക്ഷേമനിധി ബോര്‍ഡ് ചെയർപേഴ്‌സൺ മധുപാലിന്റെ അഭിപ്രായം. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും സംവാദത്തില്‍ ഉയര്‍ന്നു. ഓട്ടോമൊബൈല്‍ ട്രാവല്‍ വ്ലോഗര്‍ ബൈജു എന്‍ നായര്‍, റോഡ് സുരക്ഷാ വിദഗ്ധൻ ഡിജോ കാപ്പന്‍, ടെലിവിഷന്‍ അവതാരകന്‍ ഹരി പത്തനാപുരം, കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍) ജി പി പ്രതീപ്കുമാര്‍, മുൻ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി എം ഷാജി, തിരുവനന്തപുരം ആര്‍ടിഒ ടോജോ എം തോമസ്, നടൻ പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.


സമാപനദിവസം വിദ്യാർഥികൾക്ക്‌ ചിത്രരചനാമത്സരവും ലേഖനമത്സരവും നടക്കും. റീൽസ്‌ മത്സരത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. പകൽ 11 മുതൽ രാത്രി 11വരെയാണ്‌ പ്രദർശനം. പ്രവേശനം സ‍ൗജന്യം.



deshabhimani section

Related News

View More
0 comments
Sort by

Home