ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ടിന്' സമാപനം; തിരുവനന്തപുരം ജേതാക്കൾ

ഓവറോള്‍ ചാമ്പ്യന്‍മാരായ തിരുവനന്ദപുരം ജില്ല മന്ത്രിയോടൊപ്പം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ടിന്' സമാപനം. സാഹിത്യനഗരിയിലെ മൂന്നുവേദികളിലായി 539 ട്രാൻസ്ജെൻഡറുകൾ മാറ്റുരച്ച സർഗമേളക്ക് തിരശ്ശീല വീണപ്പോൾ തിരുവനന്തപുരം ജില്ല കലാകിരീടം കരസ്ഥമാക്കി. 150 പോയിന്റുകൾ നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 135 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 124 പോയിന്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും നേടി.
കലാരത്നമായി ആലപ്പുഴ ജില്ലയിലെ ജാനകി രാജിനെയും സർഗപ്രതിഭയായി തൃശൂർ ജില്ലയിലെ ദേവൂട്ടി ഷാജിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ ഐവിനും മികച്ച പ്രകടനം കാഴ്ചവച്ചു. വിജയികളായ ജില്ലയ്ക്കും
കലാപ്രതിഭകൾക്കും മന്ത്രി ഡോ. ആർ ബിന്ദു, മേയർ ബീന ഫിലിപ്പ്, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുല്ല, ഡയറക്ടർ ഡോ. അരുൺ എസ് നായർ എന്നിവർ പുരസ്കാരങ്ങൾ കൈമാറി.
സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ സമൂഹത്തോട് സമഭാവനയിൽ അധിഷ്ഠിതമായ കാഴ്ചപ്പാട് പുലർത്തണമെന്നും മനുഷ്യരുണ്ടായ കാലം മുതൽ വ്യത്യസ്ത സ്വത്വങ്ങളുണ്ടെന്നും അവയെ ഉൾക്കൊള്ളാൻ സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, ഡയറക്ടർ ഡോ. അരുൺ എസ് നായർ, അഭിനേത്രി നാദിറ മെഹ്റിൻ, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ലയ മരിയ ജയ്സൺ, ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അനാമിക, എൻഎസ്എസ് കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.









0 comments