ഐപിഎസ് തലപ്പത്തെ മാറ്റം: ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താൻ ഗൂഢശ്രമവുമായി മാധ്യമങ്ങൾ

തിരുവനന്തപുരം : ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ഗൂഢശ്രമവുമായി വലത് മാധ്യമങ്ങൾ. വിജിലൻസ് മേധാവിയായി ഒമ്പതുമാസം പൂർത്തിയാക്കിയ ഡിജിപി യോഗേഷ് ഗുപ്തയെ മാറ്റിയത് രാഷ്ട്രീയപ്രേരിതമെന്ന് വരുത്താനാണ് യുഡിഎഫ് പത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വ്യാജവാർത്ത.
കഴിഞ്ഞ വെള്ളിയാഴ്ച ഡിജിപി മനോജ് എബ്രഹാം, എഡിജിപി എം ആർ അജിത്കുമാർ, ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാധ്യായ, എക്സൈസ് കമീഷണറായിരുന്ന മഹിപാൽ യാദവ്, ഐജി ജി സ്പർജൻകുമാർ ഉൾപ്പെടെയുള്ള ഒമ്പത് ഉദ്യോഗസ്ഥരുടെ ചുമതല മാറ്റിനൽകി. വിജിലൻസ്, ക്രൈംബ്രാഞ്ച്, എക്സൈസ് തുടങ്ങിയ സുപ്രധാന തസ്തികയിലെ മേധാവികളെ ഒരു വർഷത്തിനിടെ മാറ്റി നിയമിക്കുന്നത് സേനയിൽ സ്വാഭാവിക നടപടിയാണ്.
എന്നാൽ, വിജിലൻസിൽ മികച്ച പ്രകടനം നടത്തിയ യോഗേഷ് ഗുപ്തയെ മാറ്റിയത് ശിക്ഷാനടപടിയെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ഇതോടെ യോഗേഷ് ഗുപ്ത കേരളം വിടാൻ തീരുമാനിച്ചെന്നുപോലും ഒരു പത്രം തട്ടിവിട്ടു. അനാവശ്യ വിവാദം ഉണ്ടാക്കി ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനാണ് ശ്രമം. പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിലുള്ള ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. എഡിജിപിയായിരിക്കെ നേരത്തേ വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിച്ചയാളാണ് മനോജ് എബ്രഹാം. അദ്ദേഹം പിന്നീട് ഇന്റലിജന്റ്സ്, ക്രമസമാധാന വിഭാഗങ്ങളിലേയ്‌ക്ക് മാറിയിരുന്നു. അഗ്നിരക്ഷാ വിഭാഗം ഡയറക്ടറായിരുന്ന കെ പത്മകുമാർ വിരമിച്ച ഒഴിവിലാണ് മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. തുടർന്നാണ് ഇദ്ദേഹത്തെ വിജിലൻസ് മേധാവിയായി നിയമിച്ചത്.
0 comments