തിരുവനന്തപുരം–എറണാകുളം പാതയിൽ രാത്രി ട്രെയിനില്ല, 
യാത്രക്കാർ ദുരിതത്തിൽ

train shortage
avatar
എം അനിൽ

Published on Sep 03, 2025, 02:59 AM | 1 min read


കൊല്ലം

തിരുവനന്തപുരം–മംഗലാപുരം എക്‌സ്‌പ്രസിനുശേഷം രാത്രി വടക്കൻ ജില്ലകളിലേക്ക്‌ ട്രെയിനില്ലാത്തത്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തിരുവനന്തപുരം–എറണാകുളം പാതയിൽ രാത്രി പത്തിനുശേഷം ദീർഘദൂര സർവീസ്‌ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. തിരുവനന്തപുരത്തുനിന്ന്‌ രാത്രി 8.55ന്‌ പുറപ്പെടുന്ന മംഗലാപുരം എക്‌സ്‌പ്രസിനുശേഷം ഇ‍ൗ പാതയിൽ കോഴിക്കോട് ഭാഗത്തേക്ക് അടുത്ത സർവീസ്‌ പുലർച്ചെ 3.40നുള്ള ഏറനാട്‌ എക്‌സ്‌പ്രസ്‌ മാത്രമാണ്‌.


മംഗലാപുരം എക്‌സ്‌പ്രസിനുശേഷം രാത്രി 12.25ന്‌ ഗുരുവായൂർക്കുള്ള എംഎസ്‌ ഗുരുവായൂർ എക്‌സ്‌പ്രസ്‌ തൃശൂർ വരെയാണ്‌ ആശ്രയിക്കാനാവുക. അതിനുമുമ്പ്‌ നാല്‌ മണിക്കൂറും ശേഷം മൂന്ന്‌ മണിക്കൂറോളവും എറണാകുളത്തേക്ക്‌ ട്രെയിനില്ല. നിരന്തര പരാതിക്കൊടുവിലാണ്‌ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന്‌ തിരുവനന്തപുരം നോർത്തിൽനിന്ന്‌ മംഗലാപുരം അന്ത്യോദയ എക്‌സ്‌പ്രസ്‌ തുടങ്ങിയത്‌. ഇത്‌ സ്ഥിരം യാത്രക്കാർക്ക്‌ ഉപകരിക്കുന്നില്ല. അന്ത്യോദയയിൽ റിസർവേഷനുമില്ല. വെള്ളിയാഴ്‌ച മാത്രം സർവീസ്‌ നടത്തുന്ന നിസാമുദീൻ സൂപ്പർഫാസ്റ്റ്‌ പല പ്രധാന സ്റ്റേഷനുകളിലും നിർത്തില്ല.


പ്രശ്‌നപരിഹാരത്തിനുള്ള ഏക പോംവഴി ദിവസവും സർവീസ്‌ നടത്തുന്ന പുതിയ ട്രെയിനാണ്‌. രാത്രി വടക്കൻ ജില്ലകളിലേക്ക്‌ യാത്രചെയ്യാൻ ട്രെയിനില്ലാതെ തിരുവനന്തപുരം, വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ കുടുങ്ങുന്ന സ്‌ത്രീകൾ ഉൾപ്പെടെ യാത്രക്കാർ അനവധിയാണ്‌. രാത്രി 8.55 കഴിഞ്ഞാൽ തിരുവനന്തപുരത്തുനിന്ന്‌ വർക്കല, പരവൂർ, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, മാവേലിക്കര, ഏറ്റുമാനൂർ, പിറവം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിർത്തുന്ന ട്രെയിനുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home