ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടത് കൊല്ലാനുറച്ച്


സ്വന്തം ലേഖകൻ
Published on Nov 05, 2025, 12:15 AM | 2 min read
തിരുവനന്തപുരം: കേരള എക്‌സ്‌പ്രസിലെ ജനറൽകോച്ചിൽനിന്ന് ശ്രീക്കുട്ടിയെ പ്രതി ചവിട്ടി പുറത്തിട്ടത് പുകവലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യംമൂലമെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ശുചിമുറിക്ക് സമീപം നിന്ന പ്രതി സിഗരറ്റ് വലിച്ചുകൊണ്ട് ശ്രീക്കുട്ടിയുടെയും അർച്ചനയുടെയും അടുത്തെത്തി. മദ്യത്തിന്റെയും സിഗരറ്റിന്റെയും അസഹനീയഗന്ധംകാരണം ഇവർ പ്രതിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം. പ്രതിയും സുഹൃത്തും കോട്ടയത്തുനിന്ന് ട്രെയിനിൽ കയറും മുന്പ് അതിരന്പുഴയിലെയും നാഗന്പടത്തെയും ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നു. ആക്രമണത്തിനിടെ സഹയാത്രികരാണ് അർച്ചനയെ രക്ഷിച്ചത്. ശ്രീക്കുട്ടി വർക്കലയ്‌ക്കുസമീപം അയന്തിയിൽ വീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയെ ചൊവ്വ രാവിലെ മെഡിക്കൽ സംഘം പരിശോധിച്ചു. എല്ലുകൾക്ക് കാര്യമായ പൊട്ടലില്ലെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കിയാലേ അടുത്തഘട്ട ചികിത്സകളിലേക്ക് കടക്കാൻ കഴിയൂ.
തിരുവനന്തപുരം ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതി സുരേഷ്‌കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ടി വി സജിത്ത്‌കുമാറാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം പ്രതിയെ അന്വേഷണസംഘം കസ്‌റ്റഡിയിൽ വാങ്ങും.
കേന്ദ്രം സുരക്ഷ ഉറപ്പുവരുത്തണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം
ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. വർക്കലയ്‌ക്ക് സമീപം ട്രെയിനിൽ യാത്രക്കാരിയെ അക്രമി ചവിട്ടിപുറത്തേക്കിട്ട സംഭവം ഏറെ ഞെട്ടിക്കുന്നതും യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് . യാത്രക്കാരുടെ ജീവന് റെയിൽവേ വില കൽപ്പിക്കുന്നില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സംഭവം.
ട്രെയിനിൽ ആക്രമണത്തിലൂടെ കൊല്ലപ്പെട്ട സൗമ്യയുടെ അവസ്ഥമുതൽ കോഴിക്കോട്ട് ട്രെയിനിന് തീയിട്ട സംഭവമുൾപ്പെടെ വിവിധ ഘട്ടങ്ങളിൽ സ്‌ത്രീകളും യാത്രക്കാരും ടിടിആറും ഉൾപ്പെടെ ആക്രമിക്കപ്പെട്ടു. ട്രെയിനുകളിൽ ആവശ്യത്തിന് പൊലീസിനെയോ സുരക്ഷാ ജീവനക്കാരെയോ നൽകുന്നില്ല. റെയിൽവേയിൽ കുറെ വർഷങ്ങളായി സ്ഥിരം നിയമനങ്ങളില്ല. പകരം പല പോസ്റ്റുകളും കരാർവൽക്കരിക്കപ്പെട്ടു. റെയിൽവേയിൽ അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്രസർക്കാർ തുടരുന്നു.
കേരളത്തോട് റെയിൽവേയുടെ അവഗണനയുടെ ഫലമാണ് തുടർച്ചയായുള്ള അക്രമങ്ങൾ. യാത്രക്കാരുടെ ജീവൻ പന്താടുന്ന സമീപനത്തിനെതിരെ പ്രതിഷേധം ഉയരണം. അക്രമത്തിനിരയായ യുവതിക്ക് സൗജന്യചികിത്സ റെയിൽവേ ഉറപ്പുവരുത്തണം. അനാസ്ഥ തുടരുന്ന റെയിൽവേക്കും കേന്ദ്രസർക്കാരിനും എതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments