കർശനനടപടിയുമായി കേരള പൊലീസ്
വ്യാജ ട്രേഡിങ് തട്ടിപ്പ് ; പണവും പോകും കേസിലുംപെടും

തിരുവനന്തപുരം
പണം ഇരട്ടിപ്പിച്ച് തരാമെന്നുള്ള വ്യാജ ട്രേഡിങ് ആപ്പുകാരുടെ തട്ടിപ്പിൽ വീണാൽ കോടികൾ നഷ്ടമാകുമെന്ന് മാത്രമല്ല നിങ്ങൾ കേസിലും ഉൾപ്പെടും. രാജ്യവ്യാപകമായി നടക്കുന്ന ട്രേഡിങ് തട്ടിപ്പുകളിൽ ദിവസവും കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.
ഏറ്റവും ഒടുവിലായി കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയ്ക്ക് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 26 കോടി രൂപയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്നത് നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻതുകയുടെയും മറ്റും കണക്കുകളാകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് വ്യാജ വെബ്സൈറ്റോ ആപ്പുകളോ കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടും. മിക്ക തട്ടിപ്പുകളും സമാന രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ ഇരകൾക്ക് വിശ്വാസമാകും. ലഭിക്കുന്ന പണം മറ്റ് പലരിൽനിന്നും തട്ടിയതായിരിക്കും. ഈ പണം കൈപ്പറ്റുന്നവർ ചിലപ്പോൾ മറ്റ് പല സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടേക്കാം. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുക. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. ലഭിച്ചതായി കാണിക്കുന്ന തുക സ്ക്രീനിലേ കാണാൻ കഴിയൂ.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിച്ചാൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
കർശനനടപടിയുമായി കേരള പൊലീസ്
രാജ്യവ്യാപകമായി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി കേരള പൊലീസ്. കഴിഞ്ഞ വർഷം 3581 പരാതികളിൽ 748 പേർക്ക് കേരള പൊലീസിന്റെ സൈബർ ഡിവിഷൻ പണം തിരികെപ്പിടിച്ചുനൽകി. ഈ വർഷം രജിസ്റ്റർചെയ്ത 500 ഓളം കേസുകളിലും നൂറോളം കേസുകളിൽ പണം തിരിപിടിച്ചു.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച ബോധവൽകരണം നടത്താൻ 7769 സൈബർ വളന്റിയർമാർക്ക് പരിശീലനം നൽകി.









0 comments