ആദ്യം സിവിൽ എൻജിനിയറുടെ 3.75 കോടി തട്ടി, പിന്നെ 13 കോടിയും

തിരുവനന്തപുരം: വ്യാജ ട്രേഡിങ് തട്ടിപ്പിൽ 3.75 കോടി നഷ്ടമായ 69 കാരനിൽ നിന്ന് വീണ്ടും 12.95 കോടി കൂടി തട്ടിയെടുത്തതായി പരാതി. കവടിയാർ ജവഹർ നഗർ സ്വദേശിയായ ഡാനിയേൽ ജോർജിൽ നിന്നാണ് വ്യാജ സൈറ്റുകൾ വഴി പണം തട്ടിയത്. കഴിഞ്ഞ മേയിൽ ഡാനിയേലിൽനിന്ന് 3.77 കോടി ഒരു സംഘം തട്ടിയെടുത്തിരുന്നു. ഇത് സംബന്ധിച്ച് സിറ്റി സൈബർ പൊലീസ് അന്വേഷണം നടത്തുകയാണ്. ഈ കേസിലെ പ്രതികളെ തേടി ബംഗാളിലേക്ക് പോകാൻ പൊലീസ് ഒരുങ്ങുന്നതിനിടയിലാണ് വീണ്ടും 12.95 കോടി കൂടി നഷ്ടമായെന്ന പരാതിയുമായി ഇദ്ദേഹം വീണ്ടും സൈബർ പൊലീസിനെ സമീപിച്ചത്. മേയിൽ ആദ്യ പരാതി നൽകുമ്പൊഴേ രണ്ടാമത്ത സൈറ്റ് വഴിയും ഇദ്ദേഹം ട്രേഡിങ്ങിനെന്ന പേരിൽ പണം ചെലവഴിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വിവരം പൊലീസിൽനിന്ന് മറച്ച് വച്ചു. ഫോൺ വഴിയും വാട്‌സാപ് വഴിയും ബന്ധപ്പെട്ടാണ് ഡാനിയേലിൽനിന്ന് തട്ടിപ്പ് സംഘം പണം വാങ്ങിയത്. വ്യാജ സൈറ്റുകളുടെ ലിങ്കുകൾ അയച്ച് കൊടുക്കുകയും ചെയതു. 78 അക്കൗണ്ടുകൾ വഴിയാണ് ട്രാൻസാക്ഷൻസ് നടന്നിട്ടുള്ളത്. മ്യൂൾ അക്കൗണ്ടുകൾ വഴി ശേഖരിച്ച പണം മുഴുവൻ പിൻവലിച്ചെന്നാണ് പൊലീസ് കരുതുന്നത്. വിദേശത്ത് സിവിൽ എൻജിനിയറായിരുന്നു ഡാനിയേൽ. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നുമുണ്ട്.









0 comments