ചാന്‍സലര്‍ നിയമനം: ഹൈക്കോടതി വിധി ഗവര്‍ണർ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

TP Ramakrishnan
വെബ് ഡെസ്ക്

Published on Jul 15, 2025, 08:33 PM | 1 min read

തിരുവനന്തപുരം: താല്‍ക്കാലിക വൈസ്‌ ചാന്‍സലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണർ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണെന്ന്‌ എല്‍ ഡിഎഫ്‌ കണ്‍വീനര്‍ ടി പി രാമകൃഷ്‌ണന്‍


കേരള സാങ്കേതിക സര്‍വ്വകലാശാലയിലും, ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും താല്‍ക്കാലിക വി.സിമാരെ നിയമിച്ചത്‌ നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച്‌ വിധിയെയാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ശരിവച്ചിരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ്‌ താല്‍ക്കാലിക വി.സി നിയമനം വേണ്ടതെന്ന സംസ്ഥാന നിയമം കേന്ദ്ര നിയമത്തിനോ, ഭരണഘടനക്കോ എതിരല്ലെന്ന്‌ കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്‌.


കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട്‌ ഭരണ സ്‌തംഭനം നടത്താനുള്ള നീക്കങ്ങളേയും കോടതി തടഞ്ഞിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌. വൈസ്‌ ചാന്‍സിലറുടെ നിയമനം വേഗതയിലാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം ഇതിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌.


കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിലവാരം വലിയ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഗവര്‍ണറുടെ രാഷ്‌ട്രീയ താല്‍പര്യത്തോടെയുള്ള ഇടപെടല്‍ വന്നുകൊണ്ടിരിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക്‌ വളര്‍ത്തിയെടുക്കുന്നതിന്‌ നിരവധി പരിഷ്‌കാരങ്ങളും, കോഴ്‌സുകളും ആരംഭിക്കുന്നതിന്‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഗവര്‍ണറുടെ തെറ്റായ ഇടപെടലുണ്ടാവുന്നത്‌.


സര്‍വ്വകലാശാലയെ കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ഗവര്‍ണർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇത്തരം ഇടപെടലുകള്‍ക്കെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി



deshabhimani section

Related News

View More
0 comments
Sort by

Home