എൽസ്റ്റണിലെ തേയില ഫാക്ടറിയിൽ ഇനി സ്‌നേഹോൽപ്പാദനം

മുണ്ടക്കൈ ടൗൺഷിപ്പിനായി സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തേയില ഫാക്ടറി

അജ്‌നാസ് അഹമ്മദ്
Published on Apr 07, 2025, 10:25 AM | 1 min read
കൽപ്പറ്റ : ദുരന്തബാധിതരുടെ ടൗൺഷിപ്പിനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തേയില ഫാക്ടറിയിൽ ഇനി സൗഹൃദവും സ്‌നേഹവും ഉൽപ്പാദിപ്പിക്കും. മുണ്ടക്കൈയിലെയും ചൂരൽമലയിലേയും അതിജീവിതരുടെ സാമൂഹിക–-സാംസ്‌കാരിക കേന്ദ്രമായി ഫാക്ടറി മാറ്റിയെടുക്കും. പൂട്ടികിടക്കുന്ന ഫാക്‌ടറി ടൗൺഷിപ് പദ്ധതിയിൽ അടിമുടി നവീകരിച്ച് കമ്മ്യൂണിറ്റി സെന്ററാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
1963ൽ നിർമിച്ചതാണിത്. തേയില വെന്ത ഫാക്ടറിയിൽ ഇനി മനുഷ്യസ്‌നേഹം പൂക്കും.
കല്ല്യാണ മണ്ഡപം ഉൾപ്പെടുന്ന മൾട്ടി പർപ്പസ് ഹാൾ, ഇൻഡോർ പ്ലേ ഏരിയ, കളിക്കളം, ലൈബ്രറി, സ്‌പോർട്‌സ് ക്ലബ്, ഓപ്പൺ എയർ തിയറ്റർ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് ആധുനിക സൗകര്യങ്ങളുള്ള കമ്യൂണിറ്റി സെന്ററാക്കും. പതിനായിരത്തിലധികം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്‌തീർണം. പ്രകൃതിദുരന്ത സാധ്യതയുള്ള കേന്ദ്രങ്ങളിൽ കഴിയുന്നവരെ കാലവർഷത്തിൽ മാറ്റിപാർപ്പിക്കാനും കമ്യൂണിറ്റി സെന്റർ ഉപയോഗപ്പെടുത്തും. ആയിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടർ ഹോം സൗകര്യം ഇതിലുണ്ടാകും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ജില്ലയിൽ എട്ട് സ്ഥിരം ഷെൽട്ടറുകൾ നിർമിക്കുന്നുണ്ട്. ഇതോടൊപ്പം ടൗൺഷിപ്പിലെ കമ്യൂണിറ്റി സെന്ററും ഉപയോഗപ്പെടുത്തും.
സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കേണ്ട സാഹചര്യം ഷെൽട്ടറുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഒഴിവാകും. മേപ്പാടി, മൂപ്പൈനാട്, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട്, മുള്ളൻകൊല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലാണ് ഷെൽട്ടറുകൾ സ്ഥാപിക്കുക. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമമായാൽ ഫാക്‌ടറിയുടെ നവീകരണ പ്രവൃത്തി ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.









0 comments