പി ഗോവിന്ദപിള്ള ദേശീയ പുരസ്‌കാരം ടി എം കൃഷ്ണയ്ക്ക് ; 22ന് സമ്മാനിക്കും

തിരുവനന്തപുരം: സാംസ്കാരിക നായകനും സിപിഐ എം നേതാവും ആയിരുന്ന പി ഗോവിന്ദപിള്ളയുടെ പേരിലുള്ള അഞ്ചാമത് ദേശീയ പുരസ്കാരം വിവ്യാത കർണാടക സംഗീതജ്ഞനും എഴുത്തുകാരനും ആയ ടി.എം കൃഷ്ണയ്ക്ക് സമ്മാനിക്കും.
പി ജിയുടെ പതിമൂന്നാം ചരമദിനമായ നവംബർ 22 ന് എകെജി ഓഡിറ്റോറിയത്തിലാണ് പുരസ്കാരദാനച്ചടങ്ങ്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സമകാലിക കർണാടക സംഗീതരംഗത്തെ പ്രമുഖനാണെന്നതിന് പുറമേ അദ്ദേഹത്തിന്റെ ആധികാരികമായ രചനകളും സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിലെ സജീവമായ ഇടപെടലുകളും കൂടി പരിഗണിച്ചാണ് പുരസ്കാരത്തിനായി കൃഷ്ണയെ തെരഞ്ഞെടുക്കുന്നതെന്ന് പി ജി സംസ്കൃതി കേന്ദ്രം അറിയിച്ചു.
സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി അധ്യക്ഷനും സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ, നർത്തകി രാജശ്രീ വാര്യർ, പി ജി സംസ്കൃതി കേന്ദ്രം സെക്രട്ടറി ആർ പാർവതി ദേവി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.
പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനും ആയ പ്രശാന്ത് ഭൂഷൺ, പ്രശസ്ത പത്രപ്രവർത്തകൻ എൻ റാം, പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്, വിഖ്യാത ചരിത്രകാരി റോമില ഥാപ്പർ എന്നിവരാണ് മുൻ ജേതാക്കൾ.








0 comments