കൊടകര കുഴൽപ്പണം ; തിരൂർ സതീഷ് പിഎംഎൽഎ കോടതിയെ സമീപിക്കും

തൃശൂർ
കൊടകര കുഴൽപ്പണക്കടത്തിൽ പിഎംഎൽഎ(സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമം) കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റായിരുന്ന കെ കെ അനീഷ് കുമാർ തുടങ്ങിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സതീഷ് തൃശൂർ ജുഡിഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കള്ളപ്പണ ഇടപാടായതിനാൽ പിഎംഎൽഎ കോടതിയെ സമീപിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകെട്ടിലായി ഒമ്പത് കോടി രൂപ എത്തിച്ചതിന് സാക്ഷിയാണെന്നും അതിൽ കെ സുരേന്ദ്രനും അനീഷ് കുമാറിനും പങ്കുണ്ടെന്നും സതീഷ് പറഞ്ഞു. കുഴൽപ്പണക്കവർച്ച നടന്നയുടൻ സംഘടനാ സെക്രട്ടറി ഉൾപ്പെടെ ബിജെപി നേതാക്കൾ കൊടകരയിലെത്തി. ബിജെപിക്ക് ബന്ധമില്ലെങ്കിൽ എന്തിനാണ് നേതാക്കൾ സ്ഥലത്തെത്തിയത്. പണം കടത്തിയ ധർമരാജൻ ഫോണിൽ കെ സുരേന്ദ്രനെ ബന്ധപ്പെട്ടതിന് തെളിവുണ്ട്.
പണത്തിന്റെ ഉറവിടം അന്വേഷിച്ചാൽ നേതാക്കളുടെ പങ്ക് വ്യക്തമാവും. കള്ളപ്പണ ഇടപാട് രാജ്യദ്രോഹക്കുറ്റമാണ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. അതിന് നിമയപോരാട്ടം തുടരുമെന്നും സതീഷ് പറഞ്ഞു.









0 comments