നരഭോജി കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്‌ത്രീ രാധയെ കൊന്ന നരഭോജി കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ഏഴ് ടീമുകളാണ് തിരച്ചിലിന് ഇറങ്ങിയത്. തെർമൽ കാമറയടക്കമുള്ള സംവിധാനങ്ങൾ കടുവയെ കണ്ടെത്താനായി ഉപയോഗിക്കുന്നുണ്ട്. കടുവയെ കണ്ടെത്തുകയാണ് ഇന്നത്തെ ദൗത്യമെന്നും കടുവ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലം മാർക്ക് ചെയ്തതായും ഡിഎഫ്ഒ മാർട്ടിൻ ലോവർ പറഞ്ഞു. മാർക്ക് ചെയ്ത സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തും. തിരച്ചിലിനായുള്ള പ്രത്യേക തെർമൽ വാൻ ബേസ് ക്യാമ്പിൽ എത്തിച്ചു.
വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവ പതിഞ്ഞിരുന്നു. വനത്തിനുള്ളിലെ കാമറയിലാണ് ദൃശ്യം ലഭിച്ചത്. വെടിവച്ചോ കൂട്ടിലാക്കിയോ കടുവയെ കീഴടക്കാനാണ് ശ്രമം. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയുടെ നേതൃത്വത്തിൽ അഞ്ച് ആർആർടി സംഘവും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരുമടങ്ങുന്ന 85 പേരാണ് ശനിയാഴ്‌ച വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. മയക്കുവെടി വയ്‌ക്കാനും അവശ്യസാഹചര്യത്തിൽ വെടിവയ്‌ക്കാൻ തോക്കുകളടക്കമുള്ള സജ്ജീകരണങ്ങൾ സഹിതമാണ് തിരച്ചിൽ. ശനിയാഴ്‌ച വൈകിട്ട് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയും ദൗത്യത്തിനൊപ്പം ചേർന്നു. വെള്ളിയാഴ്‌ച സ്ഥാപിച്ച രണ്ടുകൂടുകൾക്കുപുറമെ ശനി വൈകിട്ട് ഒരുകൂടുകൂടി സ്ഥാപിച്ചു.
ഒരു ലൈവ് കാമറയും 38 കാമറ ട്രാപ്പുകളും വിവിധയിടങ്ങളിലുണ്ട്. പ്രദേശത്ത് പൊലീസിന്റെയും വനംവകുപ്പിന്റെയും പട്രോളിങ് രാപകലുണ്ട്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞയാണ്.









0 comments