കടുവയെ കാട്ടിൽ തുറന്നുവിട്ടു

ഇടുക്കി : കേരള–-തമിഴ്‌നാട് അതിർത്തിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ കാട്ടിൽ തുറന്നുവിട്ടു. പെരിയാർ കടുവ സങ്കേതത്തിൽ ഗവിക്ക് സമീപമുള്ള പാണ്ഡ്യൻതോട് ഭാഗത്താണ് ഞായർ രാത്രിയോടെ തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വനമേഖലയായതിനാലാണ് ഇവിടെ വിട്ടത്. അണക്കര കടുക്കാസിറ്റിയിൽ വയലിൽ സണ്ണിയുടെ പുരയിടത്തിലെ കുഴിയിൽ ഞായർ പുലർച്ചെയാണ് കടുവ കുടുങ്ങിയത്. രണ്ടുവയസ് പ്രായമുള്ള ആൺകടുവയാണ് നായയെ ഓടിക്കുന്നതിനിടെ 10 അടിയോളം ആഴമുള്ള കുഴിയിൽ വീണത്.
തുടർന്ന് വനപാലക സംഘമെത്തി മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമത്തിനൊടുവിലാണ് കടുവയെയും നായയെയും പുറത്തെത്തിച്ചത്. തുടർന്ന് കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പരിശോധനകൾക്കുശേഷം ആരോഗ്യനില വിലയിരുത്തിയാണ് രാത്രിയോടെ വിട്ടയച്ചത്. കടുവയുടെ കവിളിൽ മുള്ളൻപന്നിയുടെ മുള്ളുകൊണ്ട് മുറിവേറ്റിട്ടുണ്ടായിരുന്നു. കുഴിയിൽ കടുവയ്‌ക്കൊപ്പം നായയുമുണ്ടായിരുന്നതിനാൽ പേവിഷബാധ വാക്‌സിൻ നൽകിയശേഷമാണ് വിട്ടത്. എട്ടുമണിക്കൂറോളം കടുവയും നായയും കുഴിയ്ക്കുള്ളിൽ കിടന്നു.









0 comments