കാട്ടാനയാക്രമണം: കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ പതിമൂന്നാം ബ്ലോക്ക് കരിക്കൻമുക്കിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളായ വെള്ളിയുടെയും ലീലയുടെയും ആശ്രിതർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി. 20 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
സണ്ണി ജോസഫ് എംഎൽഎ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, വാർഡംഗം മിനി ദിനേശൻ, ബ്ലോക്ക് പഞ്ചായത്തംഗം വി ശോഭ എന്നിവർ വീട്ടിലെത്തിയാണ് തുക കൈമാറിയത്. അവകാശികളായ ലക്ഷ്മി, ശ്രീധരൻ, വേണു, രവി എന്നിവർ തുക ഏറ്റുവാങ്ങി.
ആറളം വന്യജീവിസങ്കേതം വാർഡൻ ജി പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത്, ആറളം അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനികുമാർ എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.









0 comments