സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീപര്യന്തം. കൊല്ലം പൂയപ്പള്ളിയിലെ തുഷാരയു(28) ടെ മരണത്തിൽ ഭര്‍ത്താവ് ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീതാ ലാലി (61) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസാണ്. ഐപിസി 302, 304 ബി , 344, 34 എന്നി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
വിവാഹം കഴിഞ്ഞ് അഞ്ചര വർഷത്തിനുശേഷമായിരുന്നു തുഷാരയുടെ മരണം. 2013ലായിരുന്നു വിവാഹം. സ്ത്രീധനത്തിൽ കുറവുവന്ന രണ്ടുലക്ഷം മൂന്നുമാസത്തിനുള്ളിൽ നൽകണമെന്ന് കാണിച്ച് പ്രതികൾ തുഷാരയുമായി രേഖാമൂലം കരാർ ഉണ്ടാക്കിയിരുന്നു. മൂന്നുമാസം കഴിഞ്ഞതുമുതൽ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസ്സികമായും പീഡിപ്പിക്കാൻ തുടങ്ങി. തുഷാരയെ അവരുടെ കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചില്ല. ഇതിനിടെ ഇവർക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചു. കുട്ടികളെ കാണാനും തുഷാരയുടെ വീട്ടുകാരെ പ്രതികൾ അനുവദിച്ചിരുന്നില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. 2013 ലായിരുന്നു ഇരുവരുടെയും വിവാഹം.
വെള്ളവും ഭക്ഷണവും നൽകാതെ കൊന്നു
2019 മാർച്ച് 21ന് രാത്രിയായിരുന്നു തുഷാരയുടെ മരണം. ഒരു ഓട്ടോ ഡ്രൈവറാണ് തുഷാരയുടെ വീട്ടിൽ മരണ വിവരം അറിയിക്കുന്നത്. വിവരം അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ മാതാപിതാക്കൾ തുഷാരയുടെ ശരീരത്തിന്റെ അവസ്ഥകണ്ട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തെ തുടർന്നാണ് അപൂർവവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 21 കിലോ മാത്രമായിരുന്നു മൃതശരീരത്തിന്റെ ഭാരം. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തൊലി എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലാണ് കാണപ്പെട്ടത്. വയർ ഒട്ടി വാരിയല്ല് നട്ടെല്ലിനോട് ചേർന്നിരിക്കുകയും ചെയ്തു എന്നും കണ്ടെത്തി.
കേസിലെ മൂന്നാം പ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലി (66) യെ ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ നിന്നും ഒഴിവാക്കി.
ശാസ്ത്രീയതെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മകളുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് അവർ കിടപ്പുരോഗിയാണെന്ന് പറഞ്ഞിരുന്നു. അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാംപ്രതിയായ ഭർതൃമാതാവിന്റെ പേരാണ് നൽകിയത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ബി മഹേന്ദ്രയാണ് കോടതിയിൽ ഹാജരായത്.









0 comments