തുഷാര നേരിട്ടത്‌ 
സമാനതകളില്ലാത്ത ക്രൂരത

Thushara Murder Case
വെബ് ഡെസ്ക്

Published on Apr 29, 2025, 02:47 AM | 1 min read


കൊല്ലം : ഭർത്താവും ഭർതൃമാതാവും ചേർന്ന്‌ പട്ടിണിക്കിട്ടുകൊന്ന യുവതി വിവാഹശേഷം അഞ്ചരവർഷം അനുഭവിച്ചത്‌ സമാനതകളില്ലാത്ത ക്രൂരത. കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത്‌ തുഷാരഭവനിൽ തുഷാര (28). തുഷാര മരിച്ചെന്ന വിവരം 2019 മാർച്ച്‌ 21ന്‌ രാത്രി ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്‌ വീട്ടിൽ അറിയിച്ചത്‌. 2013ലായിരുന്നു വിവാഹം.


രാത്രി ഒന്നിന് യുവതിയുടെ അച്ഛനമ്മമാരും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത്‌ തുഷാരയുടെ, അതിദൈന്യാവസ്ഥതയിലുള്ള ശോഷിച്ച ദേഹമായിരുന്നു. പിതാവ്‌ പൂയപ്പള്ളി പൊലീസിനുനൽകിയ പരാതിയെത്തുടർന്ന്‌ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ്‌ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


മരിക്കുമ്പോൾ 21 കിലോഗ്രാം മാത്രമായിരുന്നു തൂക്കം. ആമാശയത്തിൽ ഭക്ഷണവസ്തുവിന്റെ അംശംപോലും ഇല്ലായിരുന്നു. ചർമം എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി നട്ടെല്ലിനോട് ചേർന്നു. മസ്‌തിഷ്‌കത്തിലും ആന്തരിക അവയവങ്ങളിലും നീർക്കെട്ട്‌ ബാധിച്ചു.

സ്‌ത്രീധനമായി 20പവൻ സ്വർണവും രണ്ടുലക്ഷം രൂപയും നൽകണമെന്ന കരാറിൽ തുഷാരയെക്കൊണ്ട്‌ ഭർതൃവീട്ടുകാർ ഒപ്പുവയ്‌പിച്ചിരുന്നു. മൂന്നുവർഷത്തിനകം പണം നൽകിയില്ലെങ്കിൽ അഞ്ച്‌ സെന്റ്‌ ഭൂമി നൽകണം എന്നായിരുന്നു വ്യവസ്ഥ. മൂന്നുമാസം പിന്നിട്ടപ്പോൾമുതൽ തുക ആവശ്യപ്പെട്ട് തുഷാരയെയും നിർധനകുടുംബത്തെയും ശാരീരികമായും മാനസികമായും പ്രതികൾ പീഡിപ്പിച്ചു.


തുഷാരയെ സ്വന്തം വീട്ടിൽ പോകാനോ കുടുംബവുമായി സഹകരിക്കാനോ സമ്മതിച്ചില്ല. രണ്ട്‌ പെൺകുട്ടികൾ ജനിച്ചെങ്കിലും അവരെ കാണാനും വീട്ടുകാരെ അനുവദിച്ചില്ല. കുട്ടികളുമായി ഇടപഴകുന്നതിൽനിന്ന്‌ തുഷാരയെ വിലക്കിയിരുന്നു.


ഇവർ മരിക്കുമ്പോൾ കുട്ടികൾക്ക്‌ മൂന്നരയും ഒന്നരയും വയസ്സായിരുന്നു. മൂത്തകുട്ടിയെ നഴ്‌സറിയിൽ ചേർത്തപ്പോൾ അധികൃതരോട്‌ പറഞ്ഞിരുന്നത്‌ കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണ്‌ എന്നാണ്‌. രാജ്യത്ത്‌ ആദ്യമാണ്‌ പട്ടിണിക്കിട്ടുകൊന്ന കേസിൽ പ്രതികളെ കുറ്റക്കാരെന്ന്‌ കണ്ടെത്തുന്നത്‌. ഐപിസി 302, 304 ബി, 344, 35 വകുപ്പുകളാണ്‌ പ്രതികൾശക്കതിരെ ചുമത്തിയിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home