തൃശൂരിലെ യുവതിയുടെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ

വരന്തരപ്പള്ളി: തൃശൂരിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കരടിയള തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോനെ (40)യാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ദിവ്യയെ (34) കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. ശനിയാഴ്ച ദിവ്യ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുഞ്ഞുമോൻ പിന്തുടർന്നിരുന്നു. ആമ്പല്ലൂരിൽ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞു.
ഉച്ചക്ക് രണ്ട് മണിയോടെയാണ് ദിവ്യ വീട്ടിൽ തിരിച്ചെത്തിയ്. ബൈക്കിൽ കയറി പോയ സംഭവത്തെ ചൊല്ലി കുഞ്ഞുമോനും ദിവ്യയും തമ്മിൽ തർക്കം ഉണ്ടായി. തുടർന്നായിരുന്നു കൊലപാതകം. പൊലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഭാര്യ മരിച്ചത് പനിയും അലർജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലം ആണെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാൽ ദിവ്യയുടെ മുഖത്തും കഴുത്തിലും പാടുകൾ കണ്ടെത്തിയതോടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്ക് പൊലീസ് എത്തുകയായിരുന്നു.
ദിവ്യയെ ശനിയാഴ്ച വൈകിട്ട് 4 നാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആർക്കും സംശയം ഉണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകൾ ദുരൂഹമെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ബന്ധുക്കളും പരാതിയുമായി എത്തി. കുഞ്ഞുമോനും ദിവ്യക്കും 11 വയസുള്ള മകനുണ്ട്. ചോദ്യം ചെയ്യലിൽ കുഞ്ഞുമോൻ കഥകൾ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.









0 comments