ആവേശം നിറച്ച് പൂരത്തുടക്കം; വൈകിട്ട് 5ന് കുടമാറ്റം

ഫയൽ ചിത്രം
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആരവങ്ങൾക്ക് ആവേശത്തുടക്കം. കമിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങിയതോടെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് തുടക്കമായി. രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങളുടെ വരവ്. കണിമംഗലം ശാസ്താവിൻ്റെ ഘടകപൂരമാണ് വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ആദ്യം എത്തുന്നത്.
പകൽ 11.30നാണ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാവും.നായ്‌ക്കനാലിൽ എത്തിയാൽ പഞ്ചവാദ്യം പാണ്ടിമേളത്തിന് വഴിമാറും. ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ പ്രമാണിയായി ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറ്റം. പകൽ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. ഗുരുവായൂർ നന്ദൻ തിടമ്പേറ്റും.
രണ്ടോടെ കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായി ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും. രാത്രി പാറമേക്കാവ് പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാർ പ്രമാണിയാവും. ബുധനാഴ്‌ച പുലർച്ചെയാണ് വെടിക്കെട്ട്. രാവിലെ പകൽപൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയും. വെടിക്കെട്ടും ഉണ്ടാവും.
മേടച്ചൂടിലും പൂരം കാമാന ആവേശത്തോടെ ജനം ഒഴുകിയെത്തുകയാണ്. പൂരത്തിന്റെ ആവേശം ചോരാതെ വരുന്നവരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പൂര നഗരി. തിങ്കൾ പകൽ 12.45നായിരുന്നു പൂരവിളംബരം.









0 comments