വൈകിട്ട്‌ 5.30ന്‌ തെക്കോട്ടിറക്കവും വർണക്കുടമാറ്റവും

തുറന്നു പൂരവാതിൽ ; തൃശൂർ 
പൂരം ഇന്ന്‌

pooram

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ എറണാകുളം ശിവകുമാർ വടക്കുംനാഥന്റെ തെക്കേഗോപുര നടതുറന്ന് പൂരവിളംബരം നടത്തി പുറത്തേക്കു വരുന്നു /ഫോട്ടോ എം എ ശിവപ്രസാദ്

avatar
സി എ പ്രേമചന്ദ്രൻ

Published on May 06, 2025, 04:00 AM | 2 min read


തൃശൂർ

മേടച്ചൂടിലും ‘പൂര’ജനം സാക്ഷി. പൊൻതിളക്കമാർന്ന നെറ്റിപ്പട്ടവും കോലവും ആടയാഭരണങ്ങളുമണിഞ്ഞ്‌ നെയ്‌തലക്കാവ്‌ ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ കൊച്ചിൻ ദേവസ്വം ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. പുഷ്‌പവൃഷ്ടിയോടെ ജനങ്ങൾ ആരവമുയർത്തിയപ്പോൾ ശിവകുമാർ തുമ്പിക്കൈ ഉയർത്തി. തിങ്കൾ പകൽ 12.45നായിരുന്നു പൂരവിളംബരം.


രാവിലെ ഏഴിന്‌ കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽനിന്ന്‌ എഴുന്നള്ളിപ്പ്‌ തുടങ്ങി. പാറമേക്കാവ്‌ ക്ഷേത്രത്തിന്‌ മുന്നിലൂടെ കടന്ന്‌ തേക്കിൻകാട്‌ മൈതാനിയിലൂടെ മണികണ്‌ഠനാലിൽ എത്തി. കക്കാട്‌ രാജപ്പൻ പ്രമാണിയായി നൂറോളം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറി. തൃപുടയോടെ ക്ഷേത്രം പ്രദക്ഷിണം വച്ചശേഷം അടിയന്തിര മാരാർ മൂന്നുതവണ ശംഖുവിളിച്ചതോടെയാണ്‌ തെക്കേ ഗോപുര വാതിൽ തുറന്നത്‌.


ചൊവ്വാഴ്‌ചയാണ്‌ പൂരം. രാവിലെ എട്ടിന്‌ ഘടകക്ഷേത്രങ്ങളിൽനിന്ന്‌ ചെറുപൂരങ്ങളുടെ വരവ്‌. പകൽ 11.30നാണ്‌ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ്‌. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന്‌ കോങ്ങാട്‌ മധു പ്രമാണിയാവും.


നായ്‌ക്കനാലിൽ എത്തിയാൽ പഞ്ചവാദ്യം പാണ്ടിമേളത്തിന്‌ വഴിമാറും. ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ പ്രമാണിയായി ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറ്റം. പകൽ പന്ത്രണ്ടോടെ പാറമേക്കാവ്‌ എഴുന്നള്ളിപ്പ്‌ തുടങ്ങും. ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. രണ്ടോടെ കിഴക്കൂട്ട്‌ അനിയൻമാരാർ പ്രമാണിയായി ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട്‌ 5.30ന്‌ തെക്കോട്ടിറക്കവും വർണക്കുടമാറ്റവും. രാത്രി പാറമേക്കാവ്‌ പഞ്ചവാദ്യത്തിന്‌ ചോറ്റാനിക്കര നന്ദപ്പൻമാരാർ പ്രമാണിയാവും. ബുധനാഴ്‌ച പുലർച്ചെയാണ്‌ വെടിക്കെട്ട്‌. രാവിലെ പകൽപൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയും. വെടിക്കെട്ടും ഉണ്ടാവും.


ഇന്നും നാളെയും 
കെഎസ്ആര്‍ടിസി‌യുടെ അധിക‌ സര്‍വീസ്

തൃശൂർ പൂരത്തോടനുബന്ധിച്ച് ചൊവ്വയും ബുധനും കെഎസ്ആർടിസിയുടെ 65 ബസുകൾ അധിക സർവീസ് നടത്തും. 51 ദീർഘദൂര ബസുകളും 14 ഓർഡിനറി ബസുകളുമാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഫാസ്റ്റിന് മുകളിലുള്ള സർവീസുകൾ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും ഓർഡിനറി സർവീസുകൾ ശക്തൻ സ്റ്റാൻഡ് കേന്ദ്രീകരിച്ചുമാണ് സർവീസ് നടത്തുക. ഗതാഗത സൗകര്യം ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണ‌കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.


പൂര ദിവസങ്ങളിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേശീയപാതയിലെ ടോൾ ഗേറ്റിൽ ഉൾപ്പെടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ​ഗതാ​ഗത നിയന്ത്രണത്തിന് അധികമായി പൊലീസിനെയും വിന്യസിക്കും.


തൃശൂരിൽ നിന്ന് - പാലക്കാട്, കോഴിക്കോട്, ചാലക്കുടി എന്നീ റൂട്ടുകളിലേക്ക് പകൽ 10 മിനിറ്റ് ഇടവേളയിലും രാത്രി 20 മിനിറ്റ് ഇടവേളയിലും കെഎസ്ആർടിസി സർവീസ് നടത്തും. തൃശൂർ - പെരിന്തൽമണ്ണ, തൃശൂർ– ഗുരുവായൂർ റൂട്ടിൽ പകൽ സമയം 30 മിനിറ്റ് ഇടവേളയിലും രാത്രി തിരക്കനുസരിച്ചും. തൃശൂർ–മാള റൂട്ടിൽ പകൽ 20 മിനിറ്റിലും രാത്രി തിരക്കനുസരിച്ചും. തൃശൂർ–-എറണാകുളം റൂട്ടിൽ പകൽ 10 മിനിറ്റിലും രാത്രി 15 മിനിറ്റിലും തൃശൂർ– കോട്ടയം റൂട്ടിൽ പകൽ 15 മിനിറ്റിലും രാത്രി 20 മിനിറ്റിലും സർവീസ് നടത്തും.

ആറിന് വൈകിട്ട് ഏഴിന് കുടമാറ്റം കഴിയുമ്പോഴും മെയ് ഏഴിന് പുലർച്ചെ അഞ്ചിന്‌ ശേഷവും സാധാരണ സർവീസുകൾക്കുപുറമെ മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, കോട്ടയം, എറണാകുളം,കോഴിക്കോട്, ഗുരുവായൂർ, പൊന്നാനി, നിലമ്പൂർ, പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂർ എന്നീ സ്ഥലങ്ങളിലേക്ക് പൂൾ ചെയ്ത ബസുകളുടെ അഡീഷണൽ ട്രിപ്പുകളും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home